കയ്പമംഗലം: വിഷുവിന് നാടൻ കണിവെള്ളരി വിളയിച്ച് കുടുംബശ്രീ പ്രവർത്തകർ. കയ്പമംഗലം പതിനേഴാം വാർഡിലെ അയിരൂർ ജെ.എൽ.ജി ഗ്രൂപ്പാണ് വിജയകരമായി കണി വെള്ളരി വിളയിച്ചിരിക്കുന്നത്. അയിരൂർ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളായ ഷിജി, സരിത, അനീഷ, നബീസ എന്നിവരാണ് ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്. തക്കാളി, വെണ്ട, കയ്പയ്ക്ക, പച്ചമുളക്, ചീര, പടവലം എന്നിവയ്‌ക്കൊപ്പമാണ് കണിവെള്ളരിയും കൃഷിയും.
വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്ന ഇവർ ആദ്യമായാണ് കണിവെള്ളരി പരീക്ഷിക്കുന്നത്. മൂന്ന് മാസം മുമ്പ് വിത്തിട്ട് ജൈവ വളം നൽകി രണ്ട് നേരം പരിചരിച്ച വെള്ളരി മികച്ച വിളവാണ് നൽകിയത്. ആവശ്യക്കാർക്ക് തോട്ടത്തിൽ നിന്ന് തന്നെയാണ് വിൽപന നടത്തുന്നത്. ബാക്കി വരുന്നവ കടകളിലും നൽകുമെന്ന് ഗ്രൂപ്പ് അംഗം ഷിജി പറഞ്ഞു. കൃഷി പരിചരണത്തിന് ഷിജിയുടെ ഭർത്താവ് കരയാവട്ടത്ത് കിഷോറിന്റെ സഹായവും ഇവർക്കുണ്ട്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്.