തൃശൂർ: റോഡ് സുരക്ഷാ ആക്ട് 2007 പ്രകാരം സംസ്ഥാന സർക്കാർ പിരിച്ചെടുത്ത സംഖ്യകൾ റോഡ് സുരക്ഷാ അതോറിറ്റിക്ക് യഥാസമയം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, സി.എ സേവ്യർ, മാർട്ടിൻ ആന്റണി, ക്ലമൻസ് തോട്ടപ്പിള്ളി, സംസ്ഥാന ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്‌ഷൻ സെന്റർ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയുമടങ്ങുന്ന ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും റോഡ് സുരക്ഷാ അതോറിറ്റിക്കും നിർദ്ദേശം നൽകിയത്. റോഡ് അപകടം കുറയ്ക്കുന്നതിന് ആവശ്യമായ നടപടി റോഡ് സേഫ്റ്റി അതോറിറ്റി കാലതാമസം കൂടാതെ കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. കേരളത്തിലെ റോഡുകളെ കുറിച്ച് പഠനം നടത്തി റോഡ് അപകടങ്ങൾക്ക് കാരണമായ നിർമ്മാണങ്ങളും റോഡുകളിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളും റോഡരികിൽ നിൽക്കുന്ന മരങ്ങളുടെ കൊമ്പുകളും അടിയന്തരമായി മാറ്റുന്നതിനുള്ള നടപടികൾ മൂന്ന് മാസത്തിനകം കൈക്കൊള്ളണം.
മറ്റ് നിർദ്ദേശങ്ങൾ:
റോഡരികിലും ഫുട്പാത്തുകളിലുമുള്ള ഉപയോഗശൂന്യമായ കോൺക്രീറ്റും, നിർമ്മാണ സാമഗ്രികളും, മാലിന്യങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളും മൂന്ന് മാസത്തിനകം നീക്കണം.
റോഡുകളുടെ വികസനത്തിനായി വിട്ടുകൊടുക്കാമെന്നേറ്റ സ്ഥലങ്ങളും പൊതുമുതലും നഷ്ടപരിഹാരം ആവശ്യമെങ്കിൽ കൊടുത്ത് നാല് മാസത്തിനകം ഏറ്റെടുക്കണം.
വിട്ടുനൽകുന്നില്ലെങ്കിൽ ഏറ്റെടുക്കാനുള്ള നടപടി ഒരു മാസത്തിനകം തുടങ്ങണം.
അതോറിറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നിയമ സംരക്ഷണവും ഉറപ്പാക്കാനും ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്കും ആവശ്യമായ നിയമ സഹായം അനുവദിക്കണം
റോഡുകൾ ഇടയ്ക്കിടെ കുഴിക്കുന്നത് ഒഴിവാക്കാൻ റോഡ് സുരക്ഷാ അതോറിറ്റിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സംയുക്ത നടപടി കൈക്കൊള്ളണം.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുരക്ഷാ അതോറിറ്റിയും സർക്കാരും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും, നിയന്ത്രണങ്ങളും, നോട്ടിഫിക്കേഷനുകളും ലംഘിക്കുന്നവർക്കെതിരെ അടിയന്തര നടപടി കൈക്കൊള്ളണം.
റോഡ് സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
റോഡ് അപകടങ്ങളിൽപെടുന്നവർക്ക് ആവശ്യമായ സഹായം നൽകാനുള്ള റോഡ് സേഫ്റ്റി ആക്ടിനെ സംബന്ധിച്ച് അവബോധം നൽകാനുള്ള നടപടി കൈക്കൊള്ളണം.