മറ്റത്തൂർ: മദ്ധ്യവയസ്കനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇത്തൂപാടം മുതുപറമ്പിൽ വീട്ടിൽ ജിനേഷിനെ(42) ആണ് ഇന്നലെ പുലർച്ചെ വീട്ടിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസ് വേഷത്തിൽ പുലർച്ചെ രണ്ട് പേർ വീട്ടിലെത്തി വാതിൽ മുട്ടിവിളിക്കുകയായിരുന്നു. ജിനേഷിന്റെ ഭാര്യ സിന്ധുവിന്റെ കഴുത്തിൽ കത്തി വച്ച് ധരിച്ചിരുന്ന മാലയും വളയും ഊരി വാങ്ങി.ജിനീഷിനെ മർദിച്ചു. തുടർന്ന് ജിനേഷിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോയി. ക്രൂരമായി മർദ്ദിച്ച ശേഷം ഇയാളെ വെള്ളാങ്ങല്ലൂരിൽ റോഡിൽ ഇറക്കി വിട്ടു.
വീട്ടിലെത്തിയ ജിനേഷ് ചാലക്കുടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നേരത്തെ കിഴക്കേ കോടാലിയിൽ താമസിച്ചിരുന്ന ഒരു യുവതിയുമായി ജിനേഷിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ആ വിഷയത്തിൽ ഇപ്പോൾ കേസ് നടക്കുകയാണെന്നും പറയുന്നു. യുവതി ഇപ്പോൾ അങ്കമാലിയിലാണ് താമസം. ജിനേഷിന്റെയും ഭാര്യയുടെയും പരാതി അനുസരിച്ച് വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.