ചാലക്കുടി: കൂടപ്പുഴയിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. ശങ്കരമംഗലത്ത് പരേതനായ രാമന്റെ മകൻ ശശിധരനാണ് (59) മരിച്ചത്. ഭാര്യ ജ്യോതി ലക്ഷ്മിയെ (50) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വീട്ടിലെ മുറിയിലാണ് ഇരുവരും വിഷം കഴിച്ചത്. തുടർന്ന് ജ്യോതിലക്ഷ്മി കൈയുടെ ഞരമ്പും മുറിച്ചു. അവശനിലയിലായ ഇവരെ ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇതിനകം ശശിധരൻ മരിച്ചിരുന്നു. പിന്നീട് പൊലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെ സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്ന് പറയുന്നു. ശശിധരനും ഇയാളുടെ അഞ്ച് സഹോദരങ്ങളും തറവാട്ടുവീട്ടിലായിരുന്നു താമസം. കുടുംബ സ്വത്തിന്റെ അവകാശത്തെച്ചൊല്ലി കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് നടക്കും. നേരത്തെ ഗൾഫിൽ ജോലി ചെയ്തിരുന്ന ശശിധരൻ കുറച്ചുകാലം നഗരത്തിൽ ജുവലറിയും നടത്തിയിരുന്നു. മീരയാണ് ശശിധരന്റെ ഏക മകൾ.