മാള: ദുഃഖം ഖനീഭവിച്ചിരുന്ന കളത്തിപ്പറമ്പിൽ വീടിന്റെ അകത്തളങ്ങളിൽ ഇനി അനുകമ്പയുടെയും സ്നേഹത്തിന്റെയും തണലൊരുങ്ങും. ഇരട്ട കൊലപാതകത്തിന്റെ നടുക്കത്തിൽ കേരളം മുഴുവൻ ചർച്ചയായ വീടിന്റെ മുഖച്ഛായ തന്നെ മാറുകയാണ്. മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ പരീതിന്റെ ഭാര്യ നബീസയും മരുമകളും ദാരുണമായി കൊല്ലപ്പെട്ട വീട് ഇപ്പോൾ രൂപമാറ്റം വരുത്തി ഹെവൻസ് പാലിയേറ്റിവ് ഹോം കെയർ സംരംഭമായി മാറി. മാള കേന്ദ്രമായുള്ള ഹെവൻസ് വില്ലേജ് ചാരിറ്റി ട്രസ്റ്റിന്റെ കീഴിലാണ് ഹോം കെയറിന്റെ പ്രവർത്തനം.
നബീസയുടെ മക്കളായ നൗഷാദും അഷറഫുമാണ് ഈ സ്ഥലം സൗജന്യമായി ട്രസ്റ്റിന് നൽകിയത്. ട്രസ്റ്റിന് വിട്ടുകൊടുത്ത സ്ഥലത്ത് ഇപ്പോൾ നിരവധി മാറ്റം വരുത്തി. 101 അമ്മമാരുടെ സംഭാവനയിലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മാറാരോഗികളുടെ ദുരിതങ്ങളും വേദനകളും ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം. ഇതിനായി ഡോക്ടർ, നേഴ്‌സ്, സാമൂഹിക പ്രവർത്തകർ, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷ്ണൽ തെറാപ്പിസ്റ്റ്, സന്നദ്ധ പ്രവർത്തകർ, രോഗിയുടെ കുടുംബം എന്നിങ്ങനെ അടങ്ങുന്നതാണ് പാലിയേറ്റിവ് സംഘം.
ജീവകാരുണ്യ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് ഹെവൻസ് വില്ലേജിന്റെയും പാലിയേറ്റിവ് സംരംഭത്തിന്റെയും ചുക്കാൻ പിടിക്കുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നടൻ വിനോദ് കോവൂരാണ് പാലിയേറ്റിവ് സംരംഭം തുറന്നു കൊടുത്തത്. നഹാസ് മാള, കെ.പി നൗഷാദ്, നാസർ മാസ്റ്റർ, കെ.എ സദറുദ്ദീൻ, ഷഫീർ കാരുമാത്ര എന്നിവരുടെ നേതൃത്വത്തിലാണ് ഹെവൻസ് വില്ലേജിന്റെ വേറിട്ട മാതൃക ഒരുക്കിയത്.
വിവാദമായ റിപ്പർ കൊലപാതകം
2004 മാർച്ചിലാണ് മാള പള്ളിപ്പുറം കളത്തിപ്പറമ്പിൽ പരീതിന്റെ ഭാര്യ നബീസ, ഗർഭിണിയായ മരുമകൾ ഫൗസിയ എന്നിവർ കൊല്ലപ്പെട്ടത്. മറ്റൊരു മരുമകൾ നൂർജഹാനും മകനും ഗുരുതരമായി പരിക്കേറ്റു. ഇവരിപ്പോഴാണ് സാധാരണ നിലയിലേക്ക് തിരിച്ചു വന്നത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് പ്രതിയെ കണ്ടെത്താനാകാതെ വന്നപ്പോൾ കോടതി ഉത്തരവിനെ തുടർന്ന് സി.ബി.ഐ ഏറ്റെടുത്തു. അതിനിടയിൽ പുത്തൻവേലിക്കരയിലെ മറ്റൊരു കൊലപാതക കേസിലെ പ്രതിയായ റിപ്പർ ജയാനന്ദൻ കുറ്റസമ്മതം നടത്തി. എന്നാൽ തെളിവുകൾ കുറ്റമറ്റ രീതിയിൽ കൊണ്ടുവരാനാകാതെ സംശയത്തിന്റെ ആനുകൂല്യത്തിൽ ജയാനന്ദൻ കുറ്റവിമുക്തനാക്കപ്പെട്ടു.