ചാലക്കുടി: ചാലക്കുടിയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ശനിയാഴ്ച 22 പേരിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 20 പേരും നഗരസഭാ പരിധിയിലുള്ളവരാണ്. ബാക്കി രണ്ടു പേർ കൊരട്ടി പഞ്ചായത്തിൽപ്പെട്ടവരാണ്.
54 ആന്റിജൻ പരിശോധനയാണ് വെള്ളിയാഴ്ച നടന്നത്. ആർ.ടി.പി.സി.ആറിന് ആരും വിധേയരായില്ല. അതേസമയം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനേഷന്റെ മെഗാ ക്യാമ്പ് തുടങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച നഗരസഭയിലെ 17 മുതൽ 36 വരെയുള്ള വാർഡുകളിലെ 45 വയസിന് മുകളിലുള്ളവർക്ക് കുത്തിവയ്പ് നടത്തും.
വാക്‌സിനേഷൻ ആവശ്യമുള്ളവർ ആശാവർക്കർമാരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സനേഷന് വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാണ്. മറ്റു അസുഖങ്ങൾ ഉള്ളവർ മുൻകൂട്ടി ഡോക്ടർമാരുടെ അനുമതി വാങ്ങിയിരിക്കണം.