കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. താലൂക്ക് ഗവ. ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എടവിലങ്ങ് പഞ്ചായത്തിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. എടവിലങ്ങ് കാരയിൽ ഒരു കുടുംബത്തിലെ ആറ് പേരും, മറ്റൊരു കുടുംബത്തിലെ രണ്ട് പേരും രോഗ ബാധിതരായി.
എറിയാട് പഞ്ചായത്തിൽ ഏഴ് പേർക്ക് രോഗം ബാധിച്ചു. മതിലകം പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പടെ ആറ് പേർ രോഗ ബാധിതരായി. കൊടുങ്ങല്ലൂർ നഗരസഭയിലെ മേത്തല, ശ്രീനാരായണപുരം, കയ്പമംഗലം എന്നീ പഞ്ചായത്തുകളിൽ മൂന്ന് പേർ വീതം കൊവിഡ് ബാധിതരായി. താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരായ വലപ്പാട് സ്വദേശികളായ അഞ്ചംഗ കുടുംബത്തിനും, മാള സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
133 പേരാണ് ഇന്ന് കൊടുങ്ങല്ലൂരിൽ ആന്റിജൻ പരിശോധനക്ക് വിധേയരായത്. അതേ സമയം നഗരസഭയിലെ 45 വയസ് കഴിഞ്ഞ എല്ലാവരും വാക്‌സിൻ എടുക്കണമെന്ന് നഗരസഭ അധികൃതർ ആവശ്യപ്പെട്ടു. മൊബൈൽ ഫോണും ആധാർ കാർഡും സഹിതം നേരിട്ട് താലൂക്ക് ആശുപത്രിയിൽ എത്തിയാൽ വാക്‌സിൻ എടുക്കാമെന്നും അധികൃതർ അറിയിച്ചു.