തൃശൂർ: കുട്ടിക്കൊമ്പൻ കളരിക്കാവ് അമ്പാടിക്കണ്ണൻ ചെരിഞ്ഞു. ഇരിങ്ങപ്രം സ്വദേശി നിധിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് 20 വയസാണ്. പോർക്കുളത്ത് ബന്ധുവീട്ടിൽ ഒരു മാസം മുമ്പ് നീരിൽ തളച്ച ആന ഇന്നലെ മുതൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പാപ്പാന്മാർ പറഞ്ഞു. നീരിലായ ആന അസുഖ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. ചെറുപ്രായത്തിൽ വാങ്ങിയ ആനക്കുട്ടി ഇരിങ്ങപ്രം കളരിക്കാവ് വീട്ടിൽ ഒരംഗത്തെ പോലെയാണ് കഴിഞ്ഞിരുന്നത്. ചെറുപ്രായത്തിൽ വീട്ടിനുള്ളിൽ കളിച്ചിരുന്ന കൊമ്പൻ വലുതായതോടെ ഒട്ടേറെ പൂരങ്ങൾക്ക് എഴുന്നള്ളിപ്പിനെത്തിയിരുന്നു. ഒമ്പതടിയോളം ഉയരമുള്ള കുട്ടിക്കൊമ്പൻ തലയെടുപ്പിൽ മറ്റു കൊമ്പന്മാർക്കൊപ്പം മത്സരിച്ചിരുന്നു. ആന ചെരിഞ്ഞതറിഞ്ഞ് ഒട്ടേറെപേർ സ്ഥലത്തെത്തി.
മഴയ്ക്ക് മുമ്പ് കൊയ്ത്തും നെല്ല് സംഭരണവും
ഊർജ്ജിതമാക്കണം: കളക്ടർ
തൃശൂർ: കൊയ്ത്ത് പൂർത്തിയാക്കാനുള്ള നെൽപ്പാടങ്ങളിൽ വേനൽ മഴയ്ക്ക് മുമ്പായി കൊയ്ത്തും സംഭരണവും ഊർജ്ജിതമാക്കണമെന്ന് കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള പാടശേഖരങ്ങൾക്ക് എത്രയും വേഗം മില്ല് അലോട്ട് ചെയ്യുന്നതിന് സപ്ലൈകോ ഓഫീസറെ ചുമതലപ്പെടുത്തി. കൊയ്ത്തിന് ഏഴ് ദിവസം മുമ്പ് മില്ല് അലോട്ട് ചെയ്ത് നൽകണം. മില്ലുകൾ മാറ്റി കൊടുക്കേണ്ട സാഹചര്യമുണ്ടായാൽ പാടശേഖര സമിതിയിൽ നിന്ന് അതിനുള്ള കാരണം എഴുതി വാങ്ങി അതനുസരിച്ച് നടപടി സ്വീകരിക്കണം. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എസ്. മിനി, സപ്ലൈ ഓഫീസർ പി. മുകുന്ദകുമാർ, പാടശേഖര ഭാരവാഹികൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യോഗത്തിലെ നിർദ്ദേശങ്ങൾ ഇവ
കൊയ്ത്ത് സമയബന്ധിതമായി പൂർത്തിയാക്കണം ഗുണമേന്മയുള്ള ചാക്കുകൾ, നെല്ല് കയറ്റി കൊണ്ടുപോകാനുള്ള വാഹനങ്ങൾ എന്നിവ ലഭ്യമാക്കണം. എല്ലാ കൊയ്ത്ത് യന്ത്രങ്ങളും കേടുപാടുകൾ തീർത്ത് ലഭ്യമാക്കണം ഇനിയും കൊയ്ത്ത് പൂർത്തിയാക്കേണ്ട പാടശേഖര സമിതികളുടെ വിവരങ്ങൾ ഉടനടി തയ്യാറാക്കണം നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കാനാവശ്യമായ പ്ളാൻ സപ്ലൈകോ ഓഫീസർ തയ്യാറാക്കണം കൊയ്ത്ത് നടക്കുന്ന സമയങ്ങളിൽ മഴ ഉണ്ടായാൽ കൊയ്ത നെല്ല് നനയാതെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണം