തൃശൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസത്തോളമായിട്ടും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ സാധിക്കാത്തത് മൂലം ഭരണ പ്രതിസന്ധി നേരിടുന്ന അവിണിശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ 20ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. രണ്ട് തവണ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നെങ്കിലും രണ്ട് തവണയും യു.ഡി.എഫ് പിന്തുണയിൽ എൽ.ഡി.എഫിന് പദവി ലഭിക്കുകയായിരുന്നു. എന്നാൽ യു.ഡി.എഫിന്റെ പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങൾ വേണ്ട എന്ന നിലപാടെടുത്ത് രാജി സമർപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് നാളുകളായി ഭരണ പ്രതിസന്ധി തുടരുകയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാണ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. ബി.ജെ.പിയുടെ കൈവശമാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം. 14 അംഗങ്ങളിൽ ആറു സീറ്റുകളിൽ ജയിച്ച് ബി.ജെ.പിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ കക്ഷി. അഞ്ച് സീറ്റ് എൽ.ഡി.എഫിനും മൂന്നു സീറ്റ് യു.ഡി.എഫിനുമാണ് ഉള്ളത്. ബി.ജെ.പിക്ക് ഭരണം ലഭിക്കാതിരിക്കാനുള്ള തന്ത്രമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. വീണ്ടും അവി ണിശ്ശേരിയിൽ അദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോഴും നേരത്ത് നടന്ന തിരഞ്ഞെടുപ്പുകളുടെ ആവർത്തനമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയോടെയാണ് മത്സരിച്ചത്. നിയമതിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പിന്തുണയോടെയുള്ള പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നിലനിർത്തിയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവണിശേരിയിൽ വരാൻ പോകുന്ന പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണച്ചാൽ അത് സ്വീകരിക്കാനുള്ള സാദ്ധ്യതയും ഉയർന്ന് വരുന്നുണ്ട്.
കക്ഷിനില
ആകെ -14
ബി.ജെ.പി -6
എൽ.ഡി.എഫ്-5
യു.ഡി.എഫ് -3