chenthrappinny

തൃശൂർ: കേരളത്തിലെ വോളിബാൾ ചരിത്രത്തിന് റെക്കാഡ് കൊണ്ട് പൊൻതൂവൽ ചാർത്തുകയാണ് ചെന്ത്രാപ്പിന്നിയിലെ ശ്രീനാരായണ സ്‌പോർട്‌സ് ക്ലബ് (എസ്.എൻ.എസ്.സി). ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിന്റെ 2022 എഡിഷനിൽ 51 വർഷം തുടർച്ചയായി ഒരേ ഗ്രൗണ്ടിൽ മദ്ധ്യകേരള വോളിബാൾ മത്സരം സംഘടിപ്പിച്ചാണ് ക്ളബ്ബ് റെക്കാഡിട്ടത്. ഇപ്പോൾ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിന്റെ വെബ്‌സെറ്റിൽ മാസ് അറ്റംപ്റ്റ്‌സ് എന്ന വിഭാഗത്തിൽ എസ്.എൻ.എസ്.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി 2021 നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് എം.എസ് ശ്രീജിത്ത്, സെക്രട്ടറി കെ.ജി കൃഷ്ണനുണ്ണി, വൈസ് പ്രസിഡന്റ് പി.എസ് സുമൻകുമാർ, ഖജാൻജി കെ.കെ രാമനാഥൻ, എക്‌സിക്യുട്ടീവ് അംഗം പി.സി രവി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇത്രയും ദീർഘകാലയളവിൽ തുടർച്ചയായി മത്സരം സംഘടിപ്പിച്ചതിലാണ് റെക്കാഡിട്ടത്. ഗ്രാമീണ വോളിബാൾ ടൂർണമെന്റിൽ ഇന്നും എസ്.എൻ.എസ്.സി വോളിബാൾ ടീം വളരെ സജീവമാണ്. കുന്നംകുളം സായ്, തൃപ്രയാർ ടി.എസ്.ജി.എ തുടങ്ങിയ പ്രൊഫഷണൽ ടീമുകൾ കടന്നുവരും മുമ്പ് ജില്ലയിലെ 90 ശതമാനം ഗ്രാമീണ ടൂർണമെന്റുകളിലും എസ്.എൻ.എസ്.സി ട്രോഫി നേടിയിട്ടുണ്ട്. മണപ്പുറം വോളിബാളിന് കേളികേട്ട സ്ഥലമാണ്. ആദ്യഘട്ടത്തിൽ ഓപ്പൺ കോർട്ടിലായിരുന്ന കളി പിന്നീട് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലേക്കാക്കി. മണപ്പുറത്തെ ആദ്യത്തെ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയമാണ് എസ്.എൻ.എസ്.സിയുടേത്. 23 വർഷമായി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും ടൂർണമെന്റ് കാണാൻ കാണികളെത്താറുണ്ട്.

നാന്ദിയായത് ശ്രീനാരായണ സമാജം

91 വർഷം മുമ്പ് 1930 ൽ സിലോണിൽ വെച്ചാണ് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ മനസ്സാൽ വരിച്ച് ശ്രീനാരായണ സമാജം രൂപം കൊള്ളുന്നത്. 1938 ൽ ശ്രീനാരായണ സമാജത്തിന്റെ കീഴിൽ ശ്രീനാരായണ കായിക വേദിയുണ്ടായി. 1967 ൽ ശ്രീനാരായണ കായിക വേദി ശ്രീനാരായണ സ്‌പോർട്‌സ് ക്ലബായി. 1967 ൽ മദ്ധ്യമേഖലാ വോളിബാൾ ടൂർണമെന്റ് ആരംഭിച്ചു. സർവീസസ് കോച്ചും ജില്ലയിലെ ആദ്യത്തെ എൻ.ഐ.എസ് കോച്ചുമായിരുന്ന കൊല്ലറ വിജയരാഘവന്റെയും വോളിബാൾ താരമായിരുന്ന ഇക്കോരകുട്ടി മാഷിന്റെയും ഭാവനയിൽ ഉരുത്തിരിഞ്ഞതാണ് ആ ടൂർണമെന്റ്. കൊല്ലാറ ചാത്തുണ്ണി മെമ്മോറിയൽ ട്രോഫിക്കും തഷ്ണാത്ത് കൃഷ്ണൻ മെമ്മോറിയൽ ട്രോഫിക്കുമായാണ് വോളിബാൾ മത്സരം സംഘടിപ്പിക്കുന്നത്. 51 വർഷമായി ക്ളബ്ബിനൊപ്പം വനിതാ കാണികളും സജീവമാണ്. ഈ വർഷം വനിതാ ടീമും ക്ളബ്ബിന്റെ ഭാഗമായി.

സൗജന്യ കോച്ചിംഗ് ക്യാമ്പ്

35 വർഷമായി വേനൽക്കാല അവധിയിൽ വിദ്യാർത്ഥികൾക്കായി സൗജന്യ കോച്ചിംഗ് ക്യാമ്പ് നടത്തിവരുന്നു. എൻ.ഐ.എസ് കോച്ച് പി.സി രവി, പി.ടി അദ്ധ്യാപകരായ മധു, മണികണ്ഠലാൽ, സലീം എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.