തൃശൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനം ഏറി വരുമ്പോൾ അതിനെ അവഗണിച്ച് വിഷുത്തിരക്കിലമർന്ന് ജനങ്ങൾ. ഒരു വർഷത്തെ ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷമെത്തിയ വിഷു ഗംഭീരമാക്കാനാണ് പൊതുജനം നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് നിരത്തിലിറങ്ങുന്നത്.
വിഷുവിന് പച്ചക്കറി, പലചരക്ക് സാധനങ്ങളും പടക്കമുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാനും കടകളിൽ വൻതിരക്കാണ്. തുണിക്കടകളിലും തിരക്കിന് കുറവല്ല.
വിഷു ആഘോഷിക്കാൻ പൊതുഇടങ്ങളിലേക്കെത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ റോഡുകളിൽ ഗതാഗത തിരക്കുമേറി. തൃശൂർ നഗരത്തിലെ പൂങ്കുന്നം, പാട്ടുരായ്ക്കൽ, പൂത്തോൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ കുരുക്കിൽപെടുന്നതും വർദ്ധിച്ചു. കൊവിഡ് കേസുകൾ ജില്ലയിൽ കൂടുമ്പോഴും മാർക്കറ്റുകൾ, പലചരക്ക്, പച്ചക്കറി വിൽപ്പന, മത്സ്യമാംസ വിൽപ്പന കേന്ദ്രങ്ങൾ എന്നു വേണ്ട പൊതുജനങ്ങൾ ഇടപെടുന്ന ഇടങ്ങളിലൊന്നും യാതൊരു സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിൽ കൊവിഡ് കേസുകൾ ഘട്ടംഘട്ടമായി ഉയർന്നുവരുന്നതാണ് കണ്ടുവരുന്നത്.
ഇപ്പോൾ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 500 ന് അടുത്ത് എത്തിനിൽക്കുകയാണ്. വിവാഹം, മറ്റ് ആഘോഷ ചടങ്ങുകൾ എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂട്ടം കൂടുന്നത് പതിവാകുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ കൊവിഡ് ലംഘനം ഉണ്ടായത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടുകയും രോഗ വ്യാപന സാദ്ധ്യതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.
സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം പേരിലൊതുങ്ങി
കൊവിഡ് ലംഘനം കണ്ടെത്താൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം പേരിലൊതുങ്ങുകയാണ്. വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ കൈകൾ സോപ്പിട്ട് കഴുകാനുള്ള സംവിധാനമൊരുക്കാനും സാനിറ്റൈസിംഗിനുള്ള സംവിധാനം ഒരുക്കാനുമുള്ള നിർദ്ദേശങ്ങൾ നടപ്പിലാകുന്നില്ല. കൈകൾ കഴുകാനുള്ള സംവിധാനങ്ങളൊന്നും എവിടേയും ഇല്ല. സാനിറ്റൈസിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാനിറ്റൈസർ എങ്ങുമില്ല. ബസുകളിൽ ആളുകളെ കുത്തിനിറച്ച് നിറുത്തി യാത്രയും പതിവായി. സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് യാത്ര. നടപടിയെടുക്കേണ്ട പൊലീസോ മറ്റ് അധികൃതരോ ഒന്നും ചെയ്യാതായതോടെ കൊവിഡ് ലംഘനം ഏറിവരികയാണ്.
കൊവിഡ് രോഗം രണ്ടാംവ്യാപനം നടന്നുകൊണ്ടിരിക്കയാണ്. വാക്‌സിനേഷൻ പ്രവർത്തനം ഊർജ്ജിതമായി നടന്നുവരുന്നുണ്ടെങ്കിലും ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാൽ രോഗ വ്യാപനം തടയാം.
ഡോ. കെ.ജെ. റീന
ജില്ലാ മെഡിക്കൽ ഓഫീസർ, തൃശൂർ
കേസുകൾ ഇങ്ങനെ
ഏപ്രിൽ 7 ന് 280 കേസുകൾ
ഏപ്രിൽ 8 ന് 393 കേസുകൾ
ഏപ്രിൽ 9 ന് 414 കേസുകൾ.