തൃശൂർ: വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ കിഴക്കെ നടയിലെ സ്ഥിരം പ്രദർശന നഗരിയിൽ മന്ത്രി എ.സി മൊയ്തീൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധങ്ങളോടെ എല്ലാ ആചാരങ്ങളും നടത്തി പൂരം ആഘോഷിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. കഴിഞ്ഞ തവണ പൂരം നടത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ പൂരത്തിന് സാമ്പത്തിക സഹായം അനുവദിക്കും. സർക്കാർ ഇക്കാര്യം ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. സർക്കാർ പൂരത്തിനൊപ്പമാണെന്നും വെടിക്കെട്ടും ആന എഴുന്നള്ളിപ്പും ഉൾപ്പെടെ എല്ലാം ആഘോഷിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി. മേയർ എം.കെ വർഗീസ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി നാരായണൻ, വി.കെ അയ്യപ്പൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെജി ജോയ്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോൻ, ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഉൾപ്പെടെ 168 ഓളം സ്റ്റാളുകളാണ് ഇത്തവണ പ്രദർശനത്തിലുള്ളത്. കൊവിഡ് മാനദണ്ഡ പ്രകാരമാണ് പ്രദർശന നഗരിയിലേക്ക് പ്രവേശനം. ഈ മാസം 23നാണ് തൃശൂർ പൂരം.