തൃശൂർ: കൊവിഡ് അപകടകരമായ അവസ്ഥയിലെത്തുമെന്നും പൂരം നടത്തിപ്പിനെ കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയതോടെ, പൂരം സംബന്ധിച്ച അനിശ്ചിതാവസ്ഥ മുറുകി. ആൾക്കൂട്ട നിയന്ത്രണങ്ങളുടെ മാർഗനിർദ്ദേശങ്ങളുമായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതോടെ പ്രതിസന്ധി മൂർച്ഛിച്ചു. അതേസമയം, എല്ലാ ഒരുക്കങ്ങളും തുടങ്ങിയെന്നും ഉദ്യോഗസ്ഥർ പൂരം അട്ടിമറിക്കരുതെന്നും ആവശ്യപ്പട്ട് ദേവസ്വങ്ങളും രംഗത്തെത്തി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം അഞ്ഞൂറ് കടക്കുകയും ചികിത്സയിൽ കഴിയുന്നവർ മൂവായിരത്തോളമാകുകയും ചെയ്തിരുന്നു. ഇതാണ് പെട്ടെന്ന് വീണ്ടും തടസവാദം ഉയരാൻ ഇടയാക്കിയത്.
പൂരത്തിന് കാണികളെ നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് പ്രധാനപ്രശ്‌നങ്ങളിലൊന്ന്. ജനങ്ങളെ നിയന്ത്രിക്കുന്നത് ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ദേവസ്വങ്ങൾ. കാഴ്ചക്കാരെ ദേവസ്വങ്ങൾ നിയന്ത്രിക്കണമെന്ന ആവശ്യം ഔദ്യോഗികമായി തങ്ങളെ അറിയിച്ചിട്ടില്ലെന്നും അവർ പറയുന്നു. കഴിഞ്ഞ വർഷം കൊവിഡ് കാരണം പൂരം ഉപേക്ഷിച്ചിരുന്നു. ക്ഷേത്രത്തിനുള്ളിൽ ചടങ്ങ് മാത്രമാണ് നടത്തിയത്.
പ്രദർശന നഗരിയിലേക്ക് ഉടൻ പ്രവേശനമുണ്ടാവില്ല
പൂരം പ്രദർശനത്തിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഉടൻ ഉണ്ടാകില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമെന്നാണ് കരുതുന്നത്. സ്റ്റാളുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. പ്രദർശനത്തിനുള്ള അനുമതി വൈകിയതിനാൽ പണികളും വൈകിയിരുന്നു. സ്റ്റാളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. മുപ്പത് രൂപയായിരിക്കും പ്രവേശനിരക്ക്. 2019ൽ 25 രൂപയായിരുന്നു.
പ്രദർശനത്തിലും നിയന്ത്രണം
' പൂരം നടത്തിപ്പിന് അടിയന്തരമായി ധനസഹായം ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ പൂരാഘോഷത്തിനൊപ്പം നിലകൊളളും. ''
മന്ത്രി വി.എസ് സുനിൽകുമാർ
പൂരം പ്രദർശനം ഉദ്ഘാടനത്തിന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ
പൂരം എന്തായാലും നടത്തും. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന ഇറക്കി പൂരത്തെ തകർക്കാനാണ് ഡി.എം.ഒയുടെ ശ്രമം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കൊവിഡ് പരിശോധന കൂട്ടുകയായിരുന്നു. താന്ത്രികചടങ്ങുകളെല്ലാം തുടങ്ങിക്കഴിഞ്ഞു. ഇനി എല്ലാ ആചാരങ്ങളോടുകൂടിയും തന്നെ പൂരം നടത്തേണ്ടതുണ്ട്.
ജി. രാജേഷ്
(സെക്രട്ടറി, പാറമേക്കാവ് ദേവസ്വം)
പൂരം ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇനി എന്തായാലും മുന്നോട്ടു തന്നെ പോകും. ജനങ്ങളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ദേവസ്വങ്ങൾക്കല്ല. അത് ഭരണകൂടവും പൊലീസുമാണ് നിറവേറ്റേണ്ടത്. എന്തായാലും ജനങ്ങൾ സ്വമേധയാ നിയന്ത്രണം പാലിക്കും.
എം. രവികുമാർ
(സെക്രട്ടറി, തിരുവമ്പാടി ദേവസ്വം)