velari
വിഷുക്കണ്ണി വെള്ളരിയുമായി ചേർപ്പ് സ്വദേശി അബ്ദുൾ കരീം

ചേർപ്പ് : വിഷുവിന് കണിവെള്ളരിയുടെ കാഴ്ച വിസ്മയം ഒരുക്കുകയാണ് ചേർപ്പ് പടിഞ്ഞാട്ടുമുറി കാക്രാലി അബ്ദുൾ കരീമിന്റെ വീടും കൃഷിയിടവും. ഇക്കുറി വിഷുവിന് കണി വയ്ക്കാനായി നാല് ടണിലേറെ വെള്ളരികളാണ് കരീമിന്റെ വീട്ടുമുറ്റത്ത് വിൽപ്പനയ്ക്കായി കൂട്ടിയിട്ടിരിക്കുന്നത്. വീടിനടുത്ത് കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലുമാണ് വെള്ളരിക്കൃഷി നടത്തിയതെന്ന് കരീം പറഞ്ഞു. മൊത്തവിലയ്ക്ക് വിൽക്കുന്ന വെള്ളരി കുരിയച്ചിറ, ചേർപ്പ്, പെരിങ്ങോട്ടുകര, തൃപ്രയാർ, ചാഴൂർ എന്നിവിടങ്ങളിലെ മാർക്കറ്റുകളിലും വെള്ളരി വിൽപ്പന നടത്തുന്നത്. പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷക്കാല ജൈവ കൃഷിരംഗത്ത് സജീവമായ അബ്ദുൾ കരീമിന് മികച്ച ജൈവകർഷകനുള്ള അവാർഡും ചേർപ്പ് പഞ്ചായത്ത് തലത്തിൽ ലഭിച്ചിട്ടുണ്ട്. വീട്ടുകാരും ജൈവ കാർഷിക രംഗത്ത് കരീമിനൊപ്പമുണ്ട്.

വെള്ളരി കൂടാതെ കുക്കുമ്പർ, പടവലം, മത്തൻ, വെണ്ട, ചേന, ഇളവൻ, എന്നിവയും കരീമിന്റെ കൃഷിസ്ഥലത്തെ കാർഷിക വിളകളാണ്. വിഷു അടുത്തതോടെ വെള്ളരി വിറ്റഴിക്കൽ തിരക്കിലാണ് ഇദ്ദേഹം. ധാരാളം പേർ വീട്ടിലും വെള്ളരിക്കാഴ്ച കാണാനും വാങ്ങാനുമായെത്തുന്നുണ്ട്.