കൊടുങ്ങല്ലൂർ: തൃക്കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താഴികക്കുട പ്രതിഷ്ഠയും, കലശാഭിഷേകവും, ഉത്സവവും ഇന്ന് മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നടക്കും. ഇന്ന് വൈകിട്ട് നാലിന് കലശാട്ടം ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ 8 നും 8.30 നുമിടയിൽ താഴികക്കുടം പ്രതിഷ്ഠിക്കും. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി താമരശ്ശേരി മേക്കാട്ട് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്, കിഴക്കിനിയേടത്ത് മേക്കാട്ട് മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗണപതിഹവനം, ശീവേലി, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകൾ നടക്കും. വലിയ വിളക്ക് ഉത്സവ ദിനമായ 19ന് കാഴ്ചശീവേലി, തായമ്പക എന്നിവയും പള്ളിവേട്ട മഹോത്സവ ദിനമായ 20ന് ശീവേലി, ഉത്സവബലി, പള്ളിവേട്ട എന്നിവയും നടക്കും. ആറാട്ട് മഹോത്സവ ദിനമായ 21ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ നിന്നും ചിറക്കൽ കോവിലകത്തേക്ക് ആറാട്ട് പുറപ്പെടും. രാത്രി ഒമ്പതിന് മേളം, തുടർന്ന് കൊടിക്കൽ പറ എന്നിവയുണ്ടാകും.