തേങ്ങ വീണ് കാറിന്റെ ചില്ല് തകർന്ന നിലയിൽ
വടക്കേക്കാട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിലേക്ക് തേങ്ങ വീണ് ചില്ല് തകർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ചക്കംകണ്ടം സ്വദേശി ഷെരീഫ് കായൽക്കടവാണ് പരാതിക്കാരൻ. കഴിഞ്ഞ 13ന് വടക്കേക്കാട് നിന്നും ഗുരുവായൂരിലേക്ക് കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന ഷെരീഫിന്റെ വാഹനമാണ് വടക്കേക്കാട് നാലാംകല്ലിൽ വച്ച് അപകടത്തിൽ പെട്ടത്. നാലാംകല്ല് എം ആൻഡ് ടി ഓഡിറ്റോറിയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് പ്രധാന റോഡിലേക്ക് ചെരിഞ്ഞ് നിന്നിരുന്നു. ഇതിൽ നിന്നാണ് തേങ്ങ പെട്ടെന്ന് ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പതിച്ചത്. അപകടത്തിൽ കാറിന്റെ ചില്ല് തകർന്നു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിയ്ക്കാതെ തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
റോഡ് ടാക്‌സടച്ച് യാത്ര ചെയ്യുന്ന പൊതുറോഡിലേക്ക് യാത്രക്കാരുടെ ജീവനും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന തെങ്ങിനെ മുറിച്ചുമാറ്റി യഥാസമയം മുൻകരുതൽ എടുക്കാതിരുന്ന ഭൂവുടമക്കും വടക്കേകാട് പഞ്ചായത്ത് സെക്രട്ടറിക്കും ചാവക്കാട് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനിയർക്കും എതിരെയാണ് ഷെരീഫ് വടക്കേകാട് പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് കേസെടുത്തത്. ഇത്തരം അപകടങ്ങളിലൂടെ കൂടുതൽ ആളുകൾക്ക് ജീവനാശവും നാശനഷ്ടങ്ങളും ഉണ്ടാവാതിരിക്കുന്നതിനും പൊതുനന്മയെ കരുതിയുമാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന് ഷെരീഫ് പറഞ്ഞു.