ചേലക്കര: ജലവിതരണത്തിന്റെ പൈപ്പ് പൊട്ടിയാൽ നന്നാക്കാൻ എത്ര നാൾ കാത്തിരിക്കണം ? മെയിൻ റോഡിലുള്ളതാണെങ്കിൽ റോഡു പുതിയ ടാറിംഗ് ചെയ്യുന്നുണ്ടെങ്കിൽ അതു കഴിയുന്നതുവരെ എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഇതാണ് പുലിക്കോട് പങ്ങാരപ്പിള്ളി നിവാസികളും പറയുന്നത്. ചേലക്കര എളനാട് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ട് കാലങ്ങൾ കുറച്ചായി. കഴിഞ്ഞ ആഴ്ചയാണ് പ്രധാന ടാറിംഗ് നടത്തിയത്. അതിനു പിന്നാലെയാണ് ജലവിതരണ വകുപ്പ് അവരുടെ ലീക്ക് വരുന്ന പൈപ്പ് നന്നാക്കുവാനായി റോഡിൽ അങ്ങിങ്ങായി കുഴികൾ എടുത്തു വരുന്നത്. എന്നാൽ പലയിടത്തും ലീക്ക് കണ്ടെത്തുന്നതിനോ അടക്കുന്നതിനോ കഴിഞ്ഞിട്ടുമില്ല.
മുമ്പേ ചോർച്ചയുള്ള പൈപ്പ് നന്നാക്കാൻ റോഡ് പണി കഴിയുന്നതുവരെ എന്തിനു കാത്തിരുന്നു എന്നാണ് നാട്ടുകാരുടെ ചോദ്യം. വാട്ടർ അതോറിറ്റിയുടേയും മറ്റും പൈപ്പുകൾ വർഷങ്ങൾക്കു മുമ്പാണ് റോഡിന്റെ വശങ്ങളിൽ കുഴിച്ചിട്ടിരുന്നത്. അന്നു തന്നെ പൈപ്പിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആക്ഷേപമുണ്ടായിരുന്നു. ഇടക്കിടക്ക് പൊട്ടലും പതിവായിരുന്നു. കാലക്രമേണ റോഡ് വീതി കൂട്ടിയപ്പോൾ ചിലയിടത്ത് പൈപ്പ് കുഴിച്ചിട്ടഭാഗം റോഡിന്റെ മധ്യഭാഗത്തുമായി.
റോഡ് ഹൈടെക് ലെവലിലാക്കുമ്പോഴും അടിയിലുള്ള പഴകിയ പൈപ്പിന്റെ കാര്യം ആരും കണക്കിലെടുക്കുന്നില്ല. പൈപ്പുകൾ പൊട്ടി ജലവിതരണം തടസപ്പെടുന്ന ജനങ്ങളുടെ പരാതി എത്തുമ്പോഴാണ് ജലവിതരണ വകുപ്പിന്റെ കോൺട്രാക്ട് തൊഴിലാളികൾ എത്തി ഹൈടെക് റോഡും കുത്തിപ്പൊളിച്ച് പൈപ്പ് നന്നാക്കാനെത്തുന്നത്. ഇതു പലപ്പോഴും റോഡു നിർമ്മാണം കഴിഞ്ഞ് തൊഴിലാളികൾ പോകുന്നതിനു തൊട്ടുപുറകേ ആയിരിക്കുമെന്നതാണ് രസകരം.