elbin

തൃശൂർ: ടേബിൾ ടെന്നീസിന്റെയും ഫുട്‌ബാളിന്റെയും ചില ഭാഗങ്ങൾ സംയോജിപ്പിച്ച് രൂപപ്പെടുത്തിയ ടെക്ബാളിൻ്റെ കോർട്ടിലേക്ക് ഫുട്‌ബാൾ മൈതാനിയിൽ നിന്നും എൽബിൻ പന്ത് തട്ടിക്കയറ്റിയപ്പോൾ നേടിയത്, ദേശീയ തലത്തിൽ വെങ്കല മെഡൽ!. തിരുവനന്തപുരം ജില്ലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന കാരക്കോണത്തിന് സമീപം രാമവർമ്മചിറ എസ്.എസ് ഭവനിൽ എൽബിനാണ് ദേശീയ ചലഞ്ചർ ടെക്ബാൾ സീരിസിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് വെങ്കല മെഡൽ സ്വന്തമാക്കിയത്.

കുട്ടിക്കാലം മുതൽ ഫുട്‌ബാളിനോടായിരുന്നു എൽബിന് പ്രിയം. ലോ‌ക്‌ഡൗൺ കാലത്ത് പടന്താലുമൂട് കെ.കെ സ്‌പോർട്‌സ് അക്കാഡമിയിൽ ഫുട്‌ബാൾ പരിശീലനത്തിന് പോയതാണ് കരിയറിലെ വഴിത്തിരിവായത്. ഫുട്‌ബാളിൽ മികവുള്ളവർക്ക് ടെക്‌ബാളിൽ ഏറെ തിളങ്ങാനാകുമെന്ന് മനസിലാക്കിയ നാഗർകോവിൽ സ്വദേശിയായ പരിശീലകൻ ജെ. വിമൽ ആനന്ദ് ചിലരെ ആ വഴിക്ക് തിരിച്ചുവിട്ടു. എൽബിൻ അടക്കമുള്ളവരെ സേലത്ത് ടെക്‌ബാൾ പരിശീലനത്തിന് കൊണ്ടുപോയി. മുംബയിൽ നിന്ന് ടെക്‌ടേബിൾ വരുത്തിയായിരുന്നു പരിശീലനം. ചുരുങ്ങിയ കാലയളവിൽ ടെക്‌ബാളിൽ കുട്ടികൾ മികവ് തെളിയിച്ചു. മാർച്ച് 26 മുതൽ 29 വരെ ടെക്ബാൾ ഇന്ത്യ സേലത്ത് നടത്തിയ ദേശീയ ചലഞ്ചർ സീരിസിൽ 22 ആൺകുട്ടികളും 19 പെൺകുട്ടികളും തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. പോണ്ടിച്ചേരി, ആന്ധ്ര താരങ്ങളെ കീഴടക്കിയാണ് മിക്സഡ് ഡബിൾസിൽ എൽബിൻ വെങ്കല മെഡൽ നേടിയത്. പി. ശോഭനം - ഷീജാ റാണി ദമ്പതികളുടെ മകനായ എൽബിൻ പളുങ്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇരട്ട സഹോദരനായ എൽജിനും ദേശീയ ചലഞ്ചർ സീരിസിൽ പങ്കെടുത്തിരുന്നു.

എന്താണ് ടെക്‌ബാൾ ?


ടേബിൾ ടെന്നീസിൽ നിന്ന് വ്യത്യസ്തമായി വളഞ്ഞ ടേബിളാണ് ഉപയോഗിക്കുന്നത്. വലിപ്പം ടേബിൾ ടെന്നീസിന്റേതിനു സമാനം. കൈകൾ ഒഴികെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കൊണ്ട് ഷോട്ടുകൾ തൊടുക്കാനാകും. ഫുട്‌ബാളിന്റെ അതേ വലിപ്പമുള്ള പന്താണ് ഉപയോഗിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ടെക്‌ബോള്‍ (എഫ്‌.ഐ.ടി.ഇ.ക്യു)വിന് ഒളിംപിക് കമ്മിറ്റി ഒഫ് ഏഷ്യ, അസോസിയേഷന്‍ ഒഫ് നാഷണല്‍ ഒളിംപിക് കമ്മിറ്റി ഒഫ് ആഫ്രിക്ക എന്നിവയുടെ അംഗീകാരമുണ്ട്. 2021ലെ ഏഷ്യന്‍ ബീച്ച് ഗെയിംസിലും ആഫ്രിക്കന്‍ ബീച്ച് ഗെയിംസിലും ടെക്‌ബോള്‍ ഉള്‍പ്പെടുത്തിയിരുന്നു. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ടെക്‌ബാള്‍ ഇടംപിടിച്ചേക്കും.

പരിശീലന സൗകര്യങ്ങളുടെ കുറവാണ് ടെക്‌ബാൾ കളിക്കാർ നേരിടുന്ന പ്രധാന പ്രശ്‌നം. ടെക്‌ടേബിൾ സ്‌പോർട്‌സ് ഉപകരണ വിൽപനശാലകളിൽ പോലുമില്ല. ടെക്‌ബാളിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐ.ഒ.എ) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വീട്ടുകാരുടെ പിന്തുണയാണ് ഊ‌ർജം.

എൽബിൻ