തൃശൂർ : കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനൊപ്പം കുട്ടികളിലും കൊവിഡ് പൊസിറ്റീവ് കേസുകൾ കൂടുന്നു. ഏപ്രിൽ മാസത്തിൽ 11 വരെയുള്ള കണക്ക് പ്രകാരം പത്ത് വയസിന് താഴെയുള്ള ആൺകുട്ടികളിലും പെൺകുട്ടികളിലുമായി 140 ലേറെ കുട്ടികൾക്കാണ് കൊവിഡ് പൊസിറ്റീവായത്. ആൺകുട്ടികളിലാണ് കൂടുതൽ പൊസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ഇന്നലെ ഏട്ട് ആൺകുട്ടികൾക്കും ഏഴ് പെൺകുട്ടികൾക്കും രോഗം സ്ഥിരീകരിച്ചെങ്കിൽ പത്തിന് 11 ആൺകുട്ടികൾക്കും 18 പെൺകുട്ടികൾക്കും രോഗം കണ്ടെത്തിയിരുന്നു. കൊവിഡ് പൊസിറ്റീവായവർ വീടുകളിൽ തന്നെയാണ് വിശ്രമിക്കുന്നത്. ഇതോടെ വീടുകളിൽ മറ്റുള്ളവർക്ക് കൂടി രോഗവ്യാപന സാദ്ധ്യത വർദ്ധിക്കുകയാണ്. കഴിഞ്ഞ മാസം രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായത് ആശ്വാസം പകർന്നിരുന്നു. എന്നാൽ ഏപ്രിൽ രണ്ടാം വാരത്തിലേക്ക് കടന്നതോടെ 11 ദിവസത്തിനുള്ളിൽ 2,500 ഓളം രോഗികളാണ് ജില്ലയിൽ ഉണ്ടായത്.
ഏപ്രിൽ 11 വരെ രോഗബാധിതർ
(പത്ത് വയസിന് താഴെ)
ആൺകുട്ടികൾ 73
പെൺകുട്ടികൾ 70
423 പേർക്ക് കൊവിഡ്
തൃശൂർ: 423 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 205 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2799 ആണ്. തൃശൂർ സ്വദേശികളായ 74 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,07,477 ആണ്. 1,03,998 പേരെയാണ് ഡിസ്ചാർജ്ജ് ചെയ്തത്.
സമ്പർക്കം വഴി 395 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 22 പേർക്കും, 04 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 537 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 98 പേർ ആശുപത്രിയിലും 439 പേർ വീടുകളിലുമാണ്. 5911 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 2927 പേർക്ക് ആന്റിജൻ പരിശോധനയും, 2812 പേർക്ക് ആർടിപിസിആർ പരിശോധനയും, 172 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.