കയ്പമംഗലം: മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയവർക്ക് വാക്സിൻ അനുവദിച്ചതിൽ പ്രതിഷേധം. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മുൻഗണനാ ലിസ്റ്റ് പ്രകാരം വാക്‌സിൻ എടുക്കേണ്ടവരെ മാറ്റി നിറുത്തി രജിസ്റ്റർ ചെയ്യാതെ എത്തിയവർക്ക് ആശാ വർക്കർമാരുടെയും പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിൽ വാക്‌സിൻ നൽകിയ നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഏകദേശം മൂന്നൂറോളം പേരാണ് ഇന്നലെ രാവിലെ ഒമ്പത് മുതൽ രണ്ട് വരെ വാക്‌സിൻ എടുക്കാനായെത്തിയത്. യാതൊരു വിധ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകളെ കൊണ്ടുവന്ന് വാക്‌സിൻ എടുപ്പിച്ചതുമൂലം നിരവധി പേരാണ് മണിക്കുറുകളോളം കാത്തു നിൽക്കേണ്ടി വന്നത്. ബന്ധപെട്ട അധികൃതർ അഭാവത്തിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ പഞ്ചായത്തംഗങ്ങളും ആശ വർക്കർമാരും ഇടപെട്ട് വാക്‌സിൻ ചെയ്യിപ്പിച്ചെന്നും നാട്ടുകാർ ആരോപിച്ചു.