guru

ഗുരുവായൂർ: വിഷുക്കണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ലെന്ന് കാട്ടി അഡ്മിനിസ്ട്രേറ്റർ വാർത്താക്കുറിപ്പ് ഇറക്കിയതിലുള്ള ഭരണസമിതി അംഗങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് ,വിശദീകരണവുമായി ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് രംഗത്ത്. ദർശനക്കാര്യം ഇന്ന് ചേരുന്ന ഭരണസമിതി യോഗം ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ 16 ന് ഭരണസമിതി യോഗം ചേർന്നെങ്കിലും . ദേവസ്വം ചെയർമാനും ഭരണ സമിതിയംഗം ഇ.പി.ആർ വേശാല മാസ്റ്ററും മാത്രമാണ് പങ്കെടുത്തത്. ഗുരുവായൂരിലുണ്ടായിട്ടും മറ്റംഗങ്ങൾ യോഗത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇനി യോഗം ചേർന്നാൽ മതിയെന്നും അവർ ആവശ്യപ്പെട്ടു. യോഗം പിന്നീട് ചേരാനുമായില്ല. ഇതിനാലാണ് അഡ്മിനിസ്‌ട്രേറ്റർ വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് ചെയർമാൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന് നിയന്ത്രണം വരാത്ത സാഹചര്യത്തിൽ ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തന്ത്രിയും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഭക്തർക്ക് വാതിൽ മാടത്തിന് സമീപത്ത് നിന്നാണ് ദർശനം അനുവദിക്കുന്നത്.ഇവിടെ നിന്നാൽ വിഷുക്കണി ദർശനം ലഭിക്കില്ല.

വിഷുക്കണി ദർശനത്തിന് ഭക്തർക്ക് പ്രവേശനവമുണ്ടാകില്ലെന്ന വാർത്താക്കുറിപ്പ് ഇറക്കിയതിനെതിനെതിരെ ഭരണ സമിതി അംഗങ്ങളായ കെ.വി .ഷാജി, കെ. അജിത്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി പ്രശാന്ത് എന്നിവർ ചേർന്ന് ഒപ്പിട്ട് അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയിരുന്നു.