ഗുരുവായൂർ: വിഷുക്കണി ദർശനത്തിന് ഭക്തർക്ക് അനുമതിയില്ലെന്ന് കാട്ടി അഡ്മിനിസ്ട്രേറ്റർ വാർത്താക്കുറിപ്പ് ഇറക്കിയതിനെതിരെ ഭരണസമിതി അംഗങ്ങൾ രംഗത്തെത്തിയതോടെ വിശദീകരണവുമായി ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് രംഗത്തെത്തി. ദർശന കാര്യത്തിൽ ഇന്ന് ചേരുന്ന ഭരണസമിതി യോഗം ചർച്ച ചെയ്യുമെന്ന് ചെയർമാൻ വ്യക്തമാക്കി.
ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ മാസം 16 ന് ഭരണസമിതി യോഗം ചേർന്നിരുന്നു. എന്നാൽ ക്വാറം തികഞ്ഞില്ല. ദേവസ്വം ചെയർമാനും ഭരണ സമിതി അംഗം ഇ.പി.ആർ വേശാല മാസ്റ്ററും മാത്രമാണ് പങ്കെടുത്തത്. ഗുരുവായൂരിൽ ഉണ്ടായിട്ടും മറ്റ് അംഗങ്ങൾ യോഗത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇനി യോഗം ചേർന്നാൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടു.
ഭരണ സമിതി യോഗം പിന്നീട് ചേരാനും പറ്റിയില്ല. ഇതിനാലാണ് അഡ്മിനിസ്‌ട്രേറ്റർ വാർത്താ കുറിപ്പ് ഇറക്കിയതെന്നും ചെയർമാൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന് നിയന്ത്രണം വരാത്ത സാഹചര്യത്തിൽ ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കേണ്ട എന്ന് തന്ത്രിയും നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഭക്തർക്ക് വാതിൽമാടത്തിന് സമീപം നിന്നാണ് ദർശനം അനുവദിക്കുന്നത്.
ഇവിടെ നിന്നാൽ വിഷുക്കണി ദർശനം ലഭിക്കില്ലായെന്നതും വിഷുക്കണി ചടങ്ങ് മാത്രമാക്കി നടത്തുന്നതിന് കാരണമായി. ഭരണ സമിതി അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് ഭരണ സമിതി യോഗം ചേരുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.
വാർത്താക്കുറിപ്പിനെതിരെ ഭരണസമിതി അംഗങ്ങൾ
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ചടങ്ങായാണ് നടത്തുക എന്ന അഡ്മിനിസ്ട്രേറ്ററുടെ വാർത്താക്കുറിപ്പിനെതിരെ ഭരണ സമിതി അംഗങ്ങൾ രംഗത്ത്. വിഷുക്കണി ദർശനത്തിന് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലായെന്ന് കാട്ടി വാർത്താ കുറിപ്പ് ഇറക്കിയത് ശരിയായില്ലാ എന്നും കാട്ടി ഭരണ സമിതി അംഗങ്ങളായ കെ.വി ഷാജി, കെ. അജിത്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി പ്രശാന്ത് എന്നിവർ ഒപ്പിട്ടാണ് അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയത്.
സർക്കാർ ഒളിച്ചു കളിക്കുന്നു : എ. നാഗേഷ്
തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടുന്നതിനായി കളിച്ച തന്ത്രമായിരുന്നു ഉറപ്പുകൾ. പൂര പ്രേമികളെ കബളിപ്പിക്കുകയാണ് സർക്കാരും ജില്ലാ ഭരണ കൂടവും. പൂരപ്രേമികളുടെ ആശങ്കയകറ്റാൻ സർക്കാർ തയ്യാറാകണം. ആചാരങ്ങൾ നിലനിർത്തി പൂരം നടത്തിപ്പിനുള്ള സാഹചര്യം ഒരുക്കണമെന്നും നാഗേഷ് പറഞ്ഞു.
പൂരം സുഗമമായി നടത്താൻ നടപടി
ഉണ്ടാകണം : പത്മജ വേണുഗോപാൽ
തൃശൂർ : കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയും ആശങ്കകൾക്ക് ഇടവരാത്ത വിധം തൃശൂർ പൂരം നടത്താൻ നടപടി ഉണ്ടാകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. ആചാര അനുഷ്ഠാനങ്ങൾ മുറതെറ്റാതെ സംരക്ഷിക്കപ്പെടും വിധം സാംസ്കാരിക പൈതൃകം കാത്ത് സൂക്ഷിക്കുക അനിവാര്യമാണെന്നും അവർ പറഞ്ഞു.