ചാലക്കുടി: നാട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ പൊലീസുകാരന്റെ നഷ്ടപ്പെട്ട സ്വര്‍ണ്ണം പൊലീസ് സ്റ്റേഷനില്‍ നിന്നും തിരികെ കിട്ടി. ആലപ്പുഴ സ്വദേശിയും പഴയന്നൂര്‍ സ്റ്റേഷനിലെ പൊലീസുകാരനുമായ പ്രിന്‍സിന്റെ 12 പവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് ചാലക്കുടി പൊലീസ് തിരികെ നൽകിയത്. റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ ആഭരണങ്ങള്‍ രണ്ടുപേര്‍ സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു സ്വര്‍ണ്ണം കളഞ്ഞുപോയത്. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ വരികയായിരുന്ന പ്രിന്‍സ് സ്വര്‍ണ്ണാഭരണങ്ങള്‍ പൊതിഞ്ഞ് കവറിലാക്കി ബൈക്കിന്റെ ഹാൻഡിലില്‍ തൂക്കിയിട്ടു. എന്നാല്‍ കവര്‍പൊട്ടി താഴെ വീണത് അറിഞ്ഞില്ല. ചാലക്കുടിയിലെ ഹോട്ടല്‍ ജീവനക്കാരായ റിയാസ് മുഹമ്മദിനും ശ്രീകാന്തിനും വഴിയില്‍ നിന്നും ആഭരണങ്ങളടങ്ങിയ പൊതി കിട്ടി.
ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം ഇവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. സ്വര്‍ണ്ണം നഷ്ടപ്പെട്ടത് സംബന്ധിച്ച പരാതി നല്‍കാന്‍ പൊലീസുകാരനായ ഉടമ എത്തിയപ്പോഴാണ് അത് സ്റ്റേഷനില്‍ സുരക്ഷിതമായി കിട്ടിയ വിവരം അറിയുന്നത്. എസ്.ഐമാരായ സി.വി. ഡേവീസ്, സജി വര്‍ഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്വര്‍ണ്ണം ഉടമയ്ക്ക് കൈമാറി.