avinissery

തൃശൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ സാധിക്കാത്തത് മൂലം ഭരണപ്രതിസന്ധിയിലായ അവിണിശ്ശേരിയിൽ എൽ. ഡി.എഫും യു.ഡി.എഫും യോജിക്കാൻ സാദ്ധ്യതയേറെ. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഭരണ പ്രതിസന്ധി തീർക്കാൻ യോജിക്കാനുള്ള സാദ്ധ്യത തെളിയുന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കാൻ 20ന് വീണ്ടും യോഗം ചേരും. രണ്ട് തവണ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നെങ്കിലും രണ്ട് തവണയും യു.ഡി.എഫ് പിന്തുണയിൽ എൽ.ഡി.എഫിന് പദവി ലഭിച്ചിരുന്നു. എന്നാൽ യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് രാജി വയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരുമിച്ചു ഭരണം നടത്തുന്നത് ബി.ജെ.പി രാഷ്ട്രീയ വിഷയമാക്കുമെന്ന ഭയമാണ് രണ്ടു തവണയും രാജിക്ക് എൽ.ഡി.എഫിനെ പ്രേരിപ്പിച്ചത്. യു.ഡി.എഫ് പിന്തുണ സ്വീകരിക്കില്ലെന്ന് ഇപ്പോഴും എൽ.ഡി.എഫ് നേതാക്കൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഭരണ പ്രതിസന്ധി വലിയ പ്രതിഷേധമായി ഉയർന്നു വരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബി.ജെ.പിയിലെ സൂര്യ ഷോബിക്കാണ് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല.


ഹൈക്കോടതിയെ സമീപിച്ച് ബി.ജെ.പി

എൽ. ഡി. എഫും യു.ഡി.എഫും യോജിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തടയിടാൻ ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും രാജി സമർപ്പിച്ച സാഹചര്യത്തിൽ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ കക്ഷിയെ ഭരണം ഏൽപ്പിക്കണമെന്നാവശ്യപെട്ടാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി അംഗങ്ങളായ ഹരി, ഗീത സുകുമാരൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. പാലക്കാട് നഗരസഭയിൽ ഇത്തരം ഒരു സാഹചര്യത്തിൽ അന്ന് യു.ഡി.എഫിന് അനുകൂലമായ വിധി പുറപെടുവിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.

വലിയ ഒറ്റക്കക്ഷി ബി.ജെ.പി

14 അംഗങ്ങളിൽ ആറ് സീറ്റുകൾ നേടിയ ബി.ജെ.പിയാണ് വലിയ ഒറ്റക്കക്ഷി. അഞ്ച് സീറ്റ് എൽ.ഡി.എഫിനും മൂന്നു സീറ്റ് യു.ഡി.എഫിനുമുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പര ധാരണയോടെയാണ് മത്സരിച്ചത്.


നിലവിൽ മുൻ തീരുമാനത്തിൽ നിന്ന് മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട് . ആ സമയത്ത് തീരുമാനമെടുക്കും.

എം.എം വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി

ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നു. ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

ഇ.പി ഹരീഷ്
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്‌