തൃശൂർ: കൊവിഡ് ഭീതി കഴിഞ്ഞ ആണ്ടിലെപ്പോലെ ഈയാണ്ടിലും പിടികൂടിയെങ്കിലും മക്കളും പേരക്കുട്ടികളുമെല്ലാം ചേർന്നാൽ, അന്നേരം മഞ്ജുവാര്യരുടെ അമ്മ ഗിരിജാമാധവന്റെ മനസിൽ പൂത്തുലയും വിഷുവിന്റെ പൊൻകതിരുകൾ.
' എല്ലാവരും ഉണ്ടെങ്കിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. സന്തോഷം പങ്കിടും. കൈനീട്ടം കൊടുക്കും. ഇനി രണ്ടു മക്കൾക്കും വരാനായില്ലെങ്കിലും വിഷമം തോന്നാറില്ല. നിരാശപ്പെടാറില്ല. കുട്ടികൾക്കും പേരക്കുട്ടികൾക്കും മാത്രമല്ല, വീട്ടിലുള്ള ജോലിക്കാർക്കെല്ലാം കൈനീട്ടം കൊടുക്കും. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. കൊവിഡ് വ്യാപനം കൂടിയതിനാൽ ക്ഷേത്രങ്ങളിൽ പോകാൻ പോലും കഴിയുന്നില്ല. യാത്രകളും ഈയാണ്ടിൽ ഇല്ല. മുൻകാലങ്ങളിൽ നാട്ടിലാണെങ്കിൽ വലിയ ആഘോഷമാകും. കണ്ണൂരും എറണാകുളത്തുമെല്ലാം വിഷു ആഘോഷിച്ചിട്ടുണ്ട്. അവിടെയെല്ലാം വീടിനടുത്തുളള നിരവധി സുഹൃത്തുക്കളുണ്ടാകും. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും അതെല്ലാം മറന്ന് നമുക്ക് ആഘോഷിക്കാനാവണം... '
കഴിഞ്ഞമാസം, പെരുവനം മഹാദേവക്ഷേത്രത്തലേയ്ക്ക് അമ്മയുടെ കഥകളി അരങ്ങേറ്റം കാണാൻ മഞ്ജുവും സഹോദരൻ മധു വാരിയരുടെ ഭാര്യ അനു വാരിയർ, മകൾ ആവണി വാരിയർ എന്നിവരും എത്തിയിരുന്നു. ചെറുപ്പത്തിൽ ഒരു വിഷുക്കാലത്ത്, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് വിദ്യാർത്ഥിനിയായിരിക്കെ, കഥയെഴുതി സമ്മാനം നേടുകയും പിന്നീട് കുറേകഥകളും കവിതകളുമെല്ലാം എഴുതുകയും ചെയ്ത അമ്മ, 46 വർഷങ്ങൾക്കുശേഷം അനുഭവക്കുറിപ്പുകൾ എഴുതുകയും മോഹിനിയാട്ടം പഠിക്കുകയും ചെയ്തപ്പോൾ, പിറന്നാൾ ദിനത്തിൽ മഞ്ജു ഫേസ് ബുക്കിൽ കുറിച്ച ആശംസാവചനങ്ങൾ ഇങ്ങനെയായിരുന്നു:
'എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. അമ്മ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു. എഴുത്തുകാരിയുടെ മകൾ എന്നറിയപ്പെടുന്നതിനേക്കാൾ വലിയ അഭിമാനമില്ല'
അതെ, ഈ വിഷുനാളിൽ, ഈയാണ്ടിലെ നല്ല ഓർമ്മകൾ പൂത്ത കണിക്കൊന്നകളുടെ ചുവട്ടിലാണ് ഗിരിജാ മാധവൻ....