covid

തൃശൂർ : പൂരം കൊടിയേറ്റത്തിന് ദിവസങ്ങൾ ശേഷിക്കേ, ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച് വിവാദം. പൂരം മുടക്കില്ലെന്നും ആൾക്കൂട്ട നിയന്ത്രണം വേണ്ടി വരുമെന്നുള്ള ആരോഗ്യ മന്ത്രിയുടെ അഭിപ്രായത്തോടെ, ചർച്ചകളും വിവാദങ്ങളും വീണ്ടും ശക്തമായേക്കും.

വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെ അഭിപ്രായമാണ് ഇന്നലെ മന്ത്രി പങ്കുവച്ചത്. രോഗവ്യാപനം കൂടിയതിനാൽ ആൾക്കൂട്ടം കുറച്ചേ മതിയാകൂ.

ആറ്റുകാൽ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ പറഞ്ഞിരുന്നു. അതേസമയം ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് ദേവസ്വങ്ങളുടെ ചുമതലയല്ലെന്ന് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കി. ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച് ഇരു ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും ചേർന്നുള്ള യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുമ്പ് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആൾക്കൂട്ട നിയന്ത്രണത്തെ കുറിച്ച് ഡി.എം.ഒയും സിറ്റി പൊലീസ് കമ്മിഷണറും തങ്ങളുടെ ഭാഗം വിശദീകരിച്ച് കളക്ടർക്ക് റിപ്പോർട്ടുകൾ കൈമാറിയിരുന്നു.


കോർപറേഷൻ യോഗം ഇന്ന്


പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപറേഷൻ ഒരുക്കേണ്ട സജ്ജീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് കൗൺസിൽ ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. കളക്ടർ, ഡി.എം.ഒ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു. നഗരത്തിലെത്തുന്നവർക്ക് വിപുലമായ സജ്ജീകരണങ്ങളാണ് കോർപറേഷൻ ഒരുക്കാറുള്ളത്. ശുചീകരണ പ്രവർത്തനം, വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റ പണി എന്നിവ ആരംഭിച്ചിട്ടുണ്ട്.

പൂരം കൊടിയേറ്റം 17 ന്

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ പൂരത്തിന് 17 ന് കൊടികയറ്റാനുള്ള ഒരുക്കങ്ങളുമായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും മുന്നോട്ടുപോകുകയാണ്. തിരുവമ്പാടി വിഭാഗം രാവിലെ 11.30 നും 12 നും മദ്ധ്യേയാണ് കൊടിയേറ്റം. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12.05 ന് ശേഷമായിരിക്കും കൊടിയേറ്റുക. ഘടക ക്ഷേത്രങ്ങളിലും അന്ന് കൊടിയേറ്റം നടക്കും. തുടർന്ന് ദേവിദേവന്മാർ തട്ടകങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. 23 നാണ് പൂരം.


പന്തൽ കാൽനാട്ടൽ 15ന്

പൂരത്തിന്റെ ഭാഗമായി നടുവിലാലിലും നായ്ക്കനാലിലും പണിയുന്ന തിരുവമ്പാടി വിഭാഗത്തിന്റെ പന്തലിന്റെ കാൽനാട്ടൽ 15ന് രാവിലെ 9.30നും പത്തിനും ഇടയിൽ നടക്കും. സെയ്തലവി ചെറുതുരുത്തിയാണ് പന്തൽ നിർമ്മിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാലിലെ പന്തൽ നിർമാണം പുരോഗമിക്കുകയാണ്. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് പൂരകളും, ചമയ പുരകളും സജീവമായി. കഴിഞ്ഞ ദിവസം പൂരം പ്രദർശനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ആളുകൾക്ക് പ്രവേശനം നൽകും.