vegetables

തൃശൂർ: വിഷു വിപണിയിൽ കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് ഇത്തവണ ആശ്വാസം. കഴിഞ്ഞ ഒരു ദശകത്തിനിടെ വിഷു വിപണിയിൽ ഉണ്ടായിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയാണ് പച്ചക്കറിക്കെന്നാണ് കച്ചവടക്കാർ പറയുന്നത്. എളവൻ, മത്തങ്ങ, ചേന, വഴുതന, സവാള, തക്കാളി എന്നിവയ്ക്കെല്ലാം 25 രൂപയിൽ താഴെയാണ് വില. വിഷുനാളിൽ പ്രിയമേറെയുള്ള കണിവെള്ളരിക്ക് കിലോയ്ക്ക് 30 രൂപയാണ് വില. മൈസൂർ വെള്ളരിയുടെ വില 20 രൂപ വരെ മാത്രമാണ്. നാടൻ മുരിങ്ങ എത്തിയതോടെ അതിനും വിലക്കുറവാണ്. അതിനിടെ മാസങ്ങളായി വില കുറഞ്ഞു നിന്നിരുന്ന നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 50 രൂപയായി. നേരത്തെ 25 രൂപയായിരുന്നത് 30 ലേക്ക് എത്തുകയും ശേഷം 40 ആയി ഉയരുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും 10 രൂപ കൂടി 50ൽ എത്തി നിൽക്കുകയാണ്. റോബസ്റ്റ്, പാളയൻ, കണ്ണൻ പഴങ്ങൾക്ക് 25 രൂപയാണ് വില. കൂടിയ വില ബീൻസിന് മാത്രമാണ്. വിഷു തലേന്നായ ഇന്ന് പച്ചക്കറികൾക്ക് വില കൂടുന്നതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. കൂടുതൽ ആളുകളെത്തുന്നതോടെ വില കൂട്ടി വിൽക്കുന്നതിനുള്ള സാഹചര്യവും ചിലപ്പോൾ ഉണ്ടയേക്കാം.

ശക്തൻ മാർക്കറ്റിലെ വില


നാടൻ കണിവെള്ളരി കിലോ 30
പാവക്ക 40
പീച്ചിങ്ങ 35
പയർ 30
ഉള്ളി 50
കാരറ്റ് 40
മുരിങ്ങ 30
ഉരുളൻ, പടവലം, ബീറ്റ്‌റൂട്ട് 25
കുമ്പളങ്ങ 20
മത്തങ്ങ 20
ചേന 20
വഴുതന 20
സവാള 20
തക്കാളി 20