തൃശൂർ : ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ ജനാധിപത്യ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഉണ്ടായത് അത്യപൂർവമായ നടപടിയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും എ. വിജയരാഘവൻ തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ ജനാധിപത്യപരമായ ഉള്ളടക്കം കാത്തുസൂക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള സ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം ശ്രമിച്ചിട്ടുള്ളത്. നേരത്തെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാറ്റിയത് ബി.ജെ.പിയുടെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ്. ഇത് മനസിലാക്കിയാണ് സി.പി.എം ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ള സഭയിൽ രണ്ട് അംഗങ്ങളെ വിജയിപ്പിക്കാനാകും. ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും. പ്രഖ്യാപനം വന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ കോൺഗ്രസ് പ്രതികരിക്കാതിരുന്നത് എന്താണെന്നും വിജയരാഘവൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന പദപ്രയോഗങ്ങൾ അതിരു കടന്നതാണ്. രമേശ് ചെന്നിത്തലയുടെ മനോനില തെറ്റി. അതിന് ചികിത്സ തേടുകയാണ് വേണ്ടത്.