thrissur-pooram-

തൃശൂർ: പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കും സാമൂഹിക അകലം ഉറപ്പാക്കാനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നൽകി പൂരം ഒരുക്കങ്ങൾക്ക് തുടക്കമിട്ട് ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കളക്ടർമാരാകും സെക്ടറൽ മജിസ്‌ട്രേറ്റുമാർ. എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല. ജനങ്ങളെ സഹായിക്കാനും സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്യാനും പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പൊലീസിനെ സഹായിക്കാനും 300 സിവിൽ ഡിഫൻസ് വൊളന്റിയർമാരെ സജ്ജമാക്കും. ജനങ്ങളെ സഹായിക്കാനും മാർഗനിർദ്ദേശം നൽകാനും കൊവിഡ് മജിസ്‌ട്രേറ്റുമാരെയും നിയമിക്കും.
തഹസിൽദാർ, താലൂക്ക് ഉദ്യോഗസ്ഥർ, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം പൂരം ദിവസങ്ങളിൽ പ്രദേശത്ത് ഉറപ്പാക്കും. പൂരം ദിവസങ്ങളിലേക്കായി ജില്ലാ ഭരണകൂടം നൂറോളം തെർമ്മൽ സ്‌കാനറുകൾ നൽകും. ഇതുപയോഗിച്ച് ആരോഗ്യവിഭാഗവും കോർപറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം. സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ ആവശ്യാനുസരണം കരുതിവയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനും ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകുന്നതിന് കളക്ടർ കൊച്ചിൻ സ്‌പെഷ്യൽ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി. തൃശൂർ റൗണ്ടിലെ 133 അപകടനിലയിലുള്ള കെട്ടിടങ്ങൾക്ക് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങളിൽ പൂരം കാണാൻ ആളുകൾ കയറിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോൾ പമ്പുകൾ പൂരം ദിവസങ്ങളിൽ പ്രവർത്തിക്കരുത്. അവിടുത്തെ സ്റ്റോക്ക് ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു. ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കും.

സജ്ജീകരണങ്ങൾ ഇവ

അഗ്‌നിശമന വിഭാഗത്തിന്റെ ഫയർ ടെൻഡറുകൾ: 7

ആംബുലൻസുകൾ

ആക്ട്‌സിന്റേത്: 17
സഹകരണ വകുപ്പിന്റേത്: 10

ആരോഗ്യവകുപ്പിന്റെ മുഴുവനും

ഇന്ന് യോഗം

ദേവസ്വം പ്രതിനിധികളുടെയും ഘടകപൂരങ്ങളുമായി ബന്ധപ്പെട്ടവരുടെയും വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെയും വിപുലമായ യോഗം ഇന്ന് നാലിന് ചേരും.

ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ആനകളെ മറ്റ് ജില്ലകളിൽ നിന്ന് കൊണ്ടുവരുന്നതിന് മുമ്പ് അതത് ജില്ലകളിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണം. അവസാന നിമിഷം ആനകളെ പിൻവലിക്കുന്നതിനാൽ ദേവസ്വങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും.

എസ്. ഷാനവാസ്

കളക്ടർ