കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പന്തീരാംപാലയിലും നാരായണമംഗലത്തും പൊതുമരാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ നിർമ്മാണ പ്രവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി വിജിലൻസിന് പരാതി നൽകി. കൊടുങ്ങല്ലൂർ നഗരസഭാ വാർഡ് പതിനഞ്ചിൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനെന്ന വ്യാജേന പന്ത്രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവഴിച്ച് നിർമ്മിച്ച സംരക്ഷണ ഭിത്തി യഥാർത്ഥത്തിൽ സ്വകാര്യ ചെമ്മീൻകെട്ടിന്റെ സംരക്ഷണമാണ് ഉറപ്പാക്കുന്നതെന്നും പതിനൊന്നാം വാർഡിൽ കഴിഞ്ഞ കൗൺസിലിന്റെ സമയത്ത് പാസായി നിർമ്മാണം ആരംഭിച്ച തെക്കേക്കുന്ന് റോഡിന്റെ ഒരു കിലോമീറ്റർ റീ ടാറിംഗ് പ്രവൃത്തിയെ അട്ടിമറിച്ച് പകരം 160 മീറ്ററിൽ മാത്രമായി ടൈൽ വിരിച്ചതിലും അഴിമതിയുണ്ടെന്നാണ് ആരോപണം. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയും കാരണം ടൈലുകൾ ഇളകുകയും അപകടങ്ങൾ പതിവാകുകയുമാണ്. രണ്ട് നിർമ്മാണ പ്രവൃത്തികളിലെയും അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന് സി.പി.എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റി വിജിലൻസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.