pooram

തൃശൂർ: പൂരം കാണാൻ വരുന്നവരുടെ സുരക്ഷയ്ക്കും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നൽകാൻ തീരുമാനം. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷിതമായി തൃശൂർ പൂരം നടത്താനുള്ള നടപടി സ്വീകരിക്കുന്നതിന് കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.

ഡെപ്യൂട്ടി കളക്ടർമാരെയായിരിക്കും ഇത്തരത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരാക്കുക. എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല. ജനങ്ങളെ സഹായിക്കാനും സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്യാനും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും പൊലീസിനെ സഹായിക്കാനും 300 സിവിൽ ഡിഫൻസ് വൊളന്റിയർമാരെ സജ്ജമാക്കും. പൂരം നടക്കുന്ന മൂന്ന് ദിവസവും കൊവിഡ് പകരാതിരിക്കാൻ ജനങ്ങളെ സഹായിക്കാനും മാർഗനിർദ്ദേശം നൽകാനും കൊവിഡ് മജിസ്‌ട്രേറ്റുമാരെയും നിയമിക്കും.