കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എം പ്രവർത്തകയുടെ വീടിന് നേരെ ആക്രമണം. കല്ലേറിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. എടവിലങ്ങ് പൊടിയൻ ബസാർ കുരിശുപള്ളിക്ക് വടക്കുവശം പടപ്പറമ്പിൽ സജ്‌ന മനോജ് കുമാറിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഈ സമയം ഭർത്താവ് മനോജ് സ്ഥലത്തുണ്ടായിരുന്നില്ല. സജനയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിറകുവശത്തെ ജനലിന് നേരെയാണ് കല്ലേറുണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സജന എൽ.ഡി.എഫ് സ്വതന്ത്രയായി ഈ വാർഡിൽ മത്സരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് സൂചനയുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.