ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിക്ക് വാതിൽമാടത്തിന് മുൻവശത്ത് നിന്നും ദർശനം നടത്താൻ ഭക്തർക്ക് അനുമതി. 14ന് പുലർച്ചെ 2.30 മുതൽ 3.30 വരെയാണ് ക്ഷേത്രത്തിൽ വിഷുക്കണി. 2.30 മുതൽ വാതിൽമാടത്തിന് മുൻവശത്ത് നിന്നും ദർശനം നടത്തുന്നതിന് ഭക്തർക്ക് സൗകര്യമൊരുക്കും. സാധാരണ ദിവസങ്ങളിൽ രാവിലെ 4.30 മുതലാണ് ഭക്തർക്ക് ദർശനത്തിന് അനുമതി.
ഇതുപ്രകാരം ഇത്തവണ ഭക്തർക്ക് വിഷുക്കണി ദർശനം ഉണ്ടാകില്ലെന്ന് നേരത്തെ അഡ്മിനിസ്ട്രേറ്റർ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെതിരെ ഭരണ സമിതിയിലെ അഞ്ച് അംഗങ്ങൾ കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ചേർന്ന അടിയന്തര ഭരണ സമിതി യോഗമാണ് വാതിൽമാടത്തിന് മുൻ വശത്ത് നിന്നും വിഷുക്കണി സമയത്ത് ദർശനം നടത്താൻ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. വിഷുക്കണി സമയത്ത് ക്ഷേത്രം നാലമ്പലത്തിനകത്ത് ഡ്യൂട്ടിയുള്ള ജീവനക്കാർ ഒഴികെ മറ്റാർക്കും പ്രവേശനം അനുവദിക്കില്ല. വി.ഐ.പികൾ, ഭരണ സമിതി അംഗങ്ങൾ എന്നിവർക്കും ഈ സമയത്ത് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും ഭരണ സമിതി തീരുമാനിച്ചു.
ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും: കളക്ടർ
തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ പൊലീസ് സുരക്ഷയിൽ തൃശൂർ പൂരം നടത്താനും പൂരം ചടങ്ങുകൾ സമയബന്ധിതമാക്കാനും കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിലുളള യോഗത്തിൽ തീരുമാനിച്ചു. ഹരിത പൂരം നടത്തുന്നതിന് ശുചിത്വമിഷനെ പ്രത്യേകം ചുമതലപ്പെടുത്തി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ, അപകടം തീർക്കാവുന്ന കുഴികൾ, സ്ലാബുകൾ എന്നിവ ഉടൻതന്നെ പുന:സ്ഥാപിക്കാൻ പി.ഡബ്ള്യു.ഡിക്കും കോർപറേഷനും അടിയന്തര നിർദ്ദേശം നൽകി. സൂര്യാഘാതമുണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ ഇത് പ്രതിരോധിക്കാനുള്ള സംവിധാനം തീർക്കാനും ബോധവത്ക്കരണ പ്രവർത്തനം നടത്താനും നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കും. എ.ഡി.എം റെജി പി. ജോസഫ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ആർ.ഡി.ഒ എൻ.കെ കൃപ, ഡി.എം.ഒ ഡോ. കെ.ജെ റീന എന്നിവർ പങ്കെടുത്തു.
320 പേർക്ക് കൊവിഡ്
തൃശൂർ: 327 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 207 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2923 ആണ്. തൃശൂർ സ്വദേശികളായ 67 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. തിങ്കളാഴ്ച്ച സമ്പർക്കം വഴി 305 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ എട്ട് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി.
രോഗബാധിതരിൽ 60 വയസിന് മുകളിൽ 35 പുരുഷന്മാരും 18 സ്ത്രീകളും പത്ത് വയസിന് താഴെ ഏഴ് ആൺകുട്ടികളും നാല് പെൺകുട്ടികളുമുണ്ട്. 436 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 132 പേർ ആശുപത്രിയിലും 304 പേർ വീടുകളിലുമാണ്. 3,650 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.