ചാലക്കുടി: കാരുണ്യപ്രവാഹന കേന്ദ്രമായി വീണ്ടും വെറ്റിലപ്പാറയിലെ ഷാജിപ്പാപ്പന്റെ തട്ടുകട. ഗുരുതര രോഗത്തിന്റെ പിടിയിൽ നിന്ന് മനുഷ്യ ജീവൻ രക്ഷിക്കുന്ന വിലമതിക്കാനാകാത്ത സേവനമാണ് ഇക്കുറിയും വഴിയോരത്തെ ഈ കൊച്ചുകടയിൽ നിന്ന് ഒഴുകിയത്. വെട്ടിക്കുഴിയിലെ മാളക്കാരൻ ജെർളിൻ പീറ്ററിന്റെ ചികിത്സയ്ക്ക് ആവശ്യമായ ധനസമാഹരണമായിരുന്നു ഷാജിയും കൂട്ടരും നടത്തിയത്.

ഒരു ദിവസത്തെ ചായക്കടയിലെ മുഴുവൻ വരുമാനവും ഒപ്പം ബക്കറ്റ് ശേഖരണത്തിൽ നിന്നും ലഭിക്കുന്ന തുകയും ചികിത്സാ നിധിയിലേക്ക് കൈമാറും. കൊവിഡ് നിയന്ത്രണങ്ങളും സ്‌കൂൾ പരീക്ഷയുമെല്ലാം കാരുണ്യ ഫണ്ട് ശേഖരത്തെ പ്രതികൂലമായി ബാധിച്ചു. അരലക്ഷം രൂപയാണ് സ്വരൂപിക്കാനായത്.

ജെർളിനു വേണ്ടി അടുത്ത ദിവസം കടയുടെ സമീപത്ത് അരങ്ങേറുന്ന ബിരിയാണി മേളയിലും പാലത്തിങ്കൽ ഷാജിപാപ്പന്റെ കഠിന പ്രയത്‌നമുണ്ടാകും. വെറ്റിലപ്പാറ പാലത്തിന് സമീപത്തെ ഇയാളുടെ തട്ടുകട കേന്ദ്രീകരിച്ച് ഇതിനകം പലവട്ടം ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.

ബിരിയാണി മേളയ്ക്ക് ചുക്കാൻ പിടിക്കുന്നത് പഞ്ചായത്ത് അംഗം മനു പോളാണ്.15 ലക്ഷത്തോളം രൂപയാണ് 26 കാരനായ ജെർളിൻ പീറ്റർ സെബാസ്റ്റ്യന്റെ വാൽവ് മാറ്റത്തിന് ആവശ്യം. മൂന്നു സെന്റ് സ്ഥലത്തെ കൊച്ചു പുരയിടത്തിൽ അമ്മ മോളി മാത്രമേ ഇപ്പോൾ കൂട്ടിനുള്ളൂ.

പഞ്ചായത്ത് അംഗം സി.സി. കൃഷ്ണൻ, സ്റ്റാൻലി കാളിയങ്കര, കെ.എം. സെബാസ്റ്റ്യൻ, എ.ഡി. ഷൈജു, സുരേഷ് കൈനിക്കര, റിൻസൻ, ഷാജി കാർത്തിക തുടങ്ങി നിരവധി നന്മ മനസുകൾ പ്രവർത്തനങ്ങളുടെ സജീവ സാന്നിദ്ധ്യമാണ്.