ചാലക്കുടി: വിനോദ സഞ്ചാരികൾക്ക് കണിയൊരുക്കി അതിരപ്പിള്ളിയിൽ കൊന്നകൾ പൂത്തുലഞ്ഞു. പതിവിൽക്കവിഞ്ഞ പൂക്കാലമാണ് ഇക്കുറി കണിക്കൊന്നകൾ വെള്ളച്ചാട്ടങ്ങളുടെ നാടിന് സമ്മാനിച്ചത്. വഴിയോരങ്ങളുടെ ഇരുഭാഗവും മഞ്ഞപ്പട്ടണിഞ്ഞ കാഴ്ച കണ്ണിനും കരളിനും കുളിരായി മാറി. റിസർവ് വനവും പ്ലാന്റേഷൻ കോർപറേഷൻ കൃഷിടവുമെല്ലാം പുഷ്പിച്ച കണിക്കൊന്നയാൽ തരളിതമായി.
സാമൂഹിക വനവത്കരണ ദൗത്യത്തിൽ റോഡരികിൽ നട്ട കൊന്നമരങ്ങളും തങ്ങളും സൗരഭ്യം ആസ്വാദകർക്കായി പുറത്തെടുത്തു. കാടിനകത്ത് നിൽക്കുന്നതും ഉയരമേറിയതുമായ മരങ്ങളായതിനാൽ വിഷുവിന് ശേഷവും ഇവിടത്തെ കൊന്നകൾ പൂക്കളുമായി നിൽക്കും. വർഷങ്ങൾക്ക് ശേഷമാണ് കാലം തെറ്റാത കണിക്കൊന്നകൾ പൂത്തത്. നാടാകെ വീണ്ടും കൊവിഡ് ഭീതി പടരുന്നതറിയാതെ പീതാംബര ശോഭയിൽ വിഷുക്കാലത്തെ വരവേൽക്കുകയാണ് കേരളത്തിന്റെ ഔദ്യോഗിക പുഷ്പം.