ചാലക്കുടി: ഇടവിട്ട പെയ്ത വേനൽമഴയിൽ ഇല്ലാതായത് കാട്ടുതീയുടെ ഭീഷണി. പിള്ളപ്പാറയിലേത് മാറ്റി നിറുത്തിയാൽ ചാലക്കുടിയുടെ കിഴക്കൻ മലകളിൽ ഇക്കുറി കാര്യമായ കാട്ടുതീ അനുഭവപ്പെട്ടില്ല. 150 ഹെക്ടർ കാട് കത്തിയ പിള്ളപ്പാറയിലെ സംഭവം മുനുഷ്യ സൃഷ്ടിയാണെന്നും സംശയിക്കുന്നു.

കടുത്ത വേനൽ ആരംഭിച്ച ഫെബ്രുവരി മാസം പകുതിയോടെ അതിരപ്പിള്ളി കാടുകളിൽ വേനൽമഴ കിട്ടിത്തുടങ്ങി. ചെറുതും വലുതുമായി നിരവധി മഴ ഇതിനകം പെയ്തു. രണ്ടു മണിക്കൂർ നീണ്ട കനത്ത മഴകളുമുണ്ടായി. ഞായറാഴ്ച പെയ്തതും കനത്ത മഴയായിരുന്നു. തെല്ലാം കാട്ടുതീയെ അകറ്റുന്ന പ്രകൃതിയുടെ സംരക്ഷണമായി മാറി.

പരമ്പരാഗതമായ ഇലപെഴിച്ചിലും മഴ മൂലം ഇക്കുറി പല മരങ്ങൾക്കും നേരിടേണ്ടി വന്നില്ല. ഇരുൾ, പൂവ്വം, മഹാഗണി തുടങ്ങിയ മരങ്ങൾ വേനലിൽ ഇലപൊഴിക്കുന്ന ഇനങ്ങളാണ്. തുമ്പൂർമുഴി മേഖലയിൽ ഇവയുടെ കൂട്ടങ്ങൾ കാണാം. വേനലിന് തീവ്രത കൂടുമ്പോൾ ഇവയുടെ അവസ്ഥയും പരമ ശോചനീയമാകും.

എന്നാൽ ഇക്കുറി മരങ്ങളെല്ലാം പെട്ടന്ന് തളിർക്കുകയായിരുന്നു. ഇടവിട്ടുള്ള വേനൽ മഴയാണ് അനുഗ്രഹമായത്. വനത്തിനു മാത്രമല്ല, വനപാലകർക്കും വേനൽമഴ നൽകിയത് വലിയ ആശ്വാസമേകി. വന്യ മൃഗങ്ങളെയും അനുഗ്രഹിച്ചരിക്കുകയാണ് പതിവിൽ കൂടുതൽ ലഭിക്കുന്ന വേനൽ മഴകൾ.