ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ എടുക്കാൻ വൻതിരക്ക്. തിങ്കളാഴ്ച അറുനൂറോളം പേർ പ്രതിരോധ കുത്തിവയ്പ്പ് നടത്തി. ഇതോടെ താലൂക്ക് ആശുപത്രിയിലെ വാക്‌സിൻ സ്റ്റോക്ക് തീർന്നു. ഇനി കേന്ദ്രത്തിൽ നിന്നും എത്തിയ ശേഷമേ കുത്തിവയ്പ് നടക്കൂ. ഇതേ തുടർന്ന് ചൊവ്വാഴ്ച നിശ്ചയിച്ചരുന്ന കുത്തിവയ്പ് മുടങ്ങും.
നഗരസഭാ പരിധിയിലുള്ളവർക്കാണ് ഇതുവരെ വാക്‌സിൻ കുത്തിവയ്പ് നടന്നത്. 8 മുതൽ 16 വരെയുള്ള വാർഡുകാർ തിങ്കളാഴ്ചയിലെ കുത്തിവയ്പിന് എത്തി. ഇതേസമയം ചാലക്കുടിയിൽ തിങ്കളാഴ്ച ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ എട്ടുപേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്.
കൊരട്ടി പഞ്ചായത്തിൽ ഒരാളും പുതിയ കൊവിഡ് രോഗിയായി. തിങ്കളാഴ്ച 67 പേരാണ് അന്റിജൻ പരിശോധനയ്ക്ക് വിധേയരായത്. ഞായറാഴ്ച 35 പേർ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു.