ചടുലവേഗതയുടെ പുതുതാരങ്ങളായിരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിയും നവീനും. ബോണി എം ബാൻഡിന്റെ
''റാ റാ റാസ്പുടിൻ"" പാട്ടിനൊപ്പം നൃത്തം വച്ച് ലോകമെങ്ങും പുതുതരംഗങ്ങളുയർത്തിയ ഈ മിടുക്കരോടൊപ്പം...
ലോകമെങ്ങുനിന്നും പറന്നു വരുന്ന പൂർണ പിന്തുണയും അഭിനന്ദനങ്ങളും. സെലിബ്രിറ്റികൾ അഭിനന്ദനങ്ങളറിയിക്കുന്നു, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടി.ടി.ഇ തിരിച്ചറിഞ്ഞ് പരിചയപ്പെടുന്നു, കോളേജ് കാമ്പസിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ കൂടെ നിന്ന് സെൽഫിയെടുക്കുന്നു, ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് കൂടി വരുന്ന ഫോളോവേഴ്സ്, പുറത്തേക്കിറങ്ങുമ്പോൾ തിരിച്ചറിഞ്ഞ് പരിചയപ്പെടാൻ ഓടിയെത്തുന്നവർ... വെറും 30 സെക്കന്റുകളിൽ ജീവിതം മാറി മറിഞ്ഞതിന്റെ അത്ഭുതവും സന്തോഷവും ഇപ്പോഴും തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയെയും നവീനെയും വിട്ടുപോയിട്ടില്ല. ഒട്ടും പ്ളാൻ ചെയ്യാതെ ആശുപത്രിയിലെ പി.ജി വിദ്യാർത്ഥികളുടെ ക്വാർട്ടേഴ്സിന്റെ വരാന്തയിൽ വച്ചു ചെയ്ത നൃത്തം ലോകമെങ്ങും വൈറലായത് ഇവരുടെ വിദൂരസ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്ന കാര്യമല്ല. നാലുപതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടർന്ന 'റാ... റാ... റാസ്പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ"എന്ന ബോണി എം ബാൻഡിന്റെ വരികൾക്കാണ് നവീനും ജാനകിയും ചടുല വേഗവും മനോഹര ഭാവങ്ങളും സമന്വയിച്ച നൃത്തഭാഷ്യം പകർന്നത്. റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയുടെ അന്തപ്പുരത്തിൽ വിലസിയ റാസ്പുടിന്റെ ദുരന്തം 1978ലാണ് ബോണി എം. സൂപ്പർ ഹിറ്റ് ഗാനമാക്കിയത്. അന്തരിച്ച ബോബി ഫാരലും മൂന്ന് ഗായികമാരും ചേർന്നാണ് ആ ഗാനം പാടിയത്. ആ പാട്ടിൽ ഒരു വരിയുണ്ട് - ഫുൾ ഓഫ് എക്സ്റ്റസി ആൻഡ് ഫയർ...മുപ്പതു സെക്കൻഡിൽ ആ തീയും ആഹ്ലാദവും പകർന്ന ജാനകിയും നവീനും യുവതയുടെ ഹരമായി. ശാസ്ത്രീയ നൃത്തം പഠിച്ച ജാനകിയെയും നൃത്തപഠനമൊന്നുമില്ലാതിരുന്ന നവീനെയും തേച്ചുമിനുക്കിയെടുത്തത് മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സജീവമായ ഡാൻസ് കൂട്ടായ്മയാണ്.
വിമർശനങ്ങളോട് ഒന്നും പറയാനില്ല
നമ്മൾ എന്തു ചെയ്താലും അതിന് പോസിറ്റീവായും നെഗറ്റീവായും കമന്റുകളുണ്ടാകും. വിമർശനങ്ങളേക്കാൾ ഞങ്ങൾക്ക് ലഭിച്ചത് നല്ല അഭിപ്രായങ്ങളാണ്. അതു മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. വിമർശനങ്ങളൊക്കെ വന്നപ്പോൾ ഞങ്ങൾ അതിന് പ്രതികരിച്ചില്ല, മറുപടി അർഹിക്കുന്നില്ലെന്നാണ് തോന്നിയത്. പിന്നെ യൂണിയൻ തീരുമാനപ്രകാരമാണ് ഞങ്ങളുടെ ഡാൻസ് ടീമിന്റെ നേതൃത്വത്തിൽ മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി 'റാസ്പുടിൻ" തന്നെ വീണ്ടും ചെയ്തത്. എല്ലാ വിമർശനങ്ങൾക്കുമുള്ള നൃത്തത്തിലൂടെയുള്ള മറുപടിയായിരുന്നു അത്. അതും നല്ല രീതിയിൽ റീച്ചായി. അശ്വിൻ ഗോപാലകൃഷ്ണൻ, നിമിഷ, ജഗത് വിനോജ്, കൃഷ്ണേന്ദു, ആർദ്ര സിന്ധു ദേവദാസ്, ഹൃത്വിക് റെജി, ഗൗതം കൃഷ്ണൻ, ഓസ്റ്റിൻ ബൈജു, ഗോകുൽ, ഷഹാന, ലക്ഷ്മി പാർവതി എന്നിവരായിരുന്നു ഞങ്ങളോടൊപ്പമുണ്ടായിരുന്നത്. മുഷ്താഖ്അലിയും ആദിൽ അസീസും ചേർന്നാണ് ഈ നൃത്തം ചിത്രീകരിച്ചതും എഡിറ്റിംഗ് നിർവഹിച്ചതും. ഞങ്ങളുടെ സന്തോഷം ഡാൻസാണ്, ഓരോരുത്തരുടെയും താത്പര്യങ്ങൾ പലതല്ലേ... ഇപ്പോൾ ഞങ്ങളുടെ കോളേജിൽ ഫുട്ബാൾ ഇഷ്ടപ്പെടുന്നവരുണ്ട്. അതുപോലെ തന്നെയാണിതും. നിങ്ങളെന്തിനാണ് ഡാൻസ് ചെയ്തത് നിങ്ങളുടെ ഡ്യൂട്ടി അതല്ലല്ലോ, മെഡിക്കോസ് ഡാൻസ് ചെയ്യാൻ പാടില്ല, ഡ്യൂട്ടി കഴിഞ്ഞാണോ ഡാൻസ് ചെയ്തത്, ഡോക്ടർമാരുടെ ജോലി ഇതാണോ എന്നൊക്കെ ഒരുപാട് കമന്റ്സ് കേട്ടു. ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ ഇപ്പോൾ വിദ്യാർത്ഥികളാണെന്നാണ്, ഞങ്ങൾക്കിപ്പോൾ ഡ്യൂട്ടി ഇല്ല, പഠനം കഴിഞ്ഞ് എല്ലാവരും കളിക്കാനൊക്കെ പോകില്ലേ... അങ്ങനെ ഞങ്ങൾ ഡാൻസ് കളിച്ചു എന്നേയുള്ളൂ. ഇനി ഡോക്ടർമാരായാലും അവരും മറ്റെല്ലാവരെയും പോലെ സാധാരണ മനുഷ്യരാണ്. എന്തു ചെയ്യുമ്പോഴും നൂറുശതമാനം മനസുറപ്പിച്ചു തന്നെ ചെയ്യും.
ആ ഹോസ്റ്റൽ വരാന്തയും പിന്നെ വേഷവും
സത്യസന്ധമായി പറഞ്ഞാൽ ഇങ്ങനെ ഒരു ഹൈപ്പ് പ്രതീക്ഷിച്ചതേയില്ല, കോളേജിലെ കുട്ടികൾക്ക് ഇഷ്ടപ്പെടണം എന്നു മാത്രമായിരുന്നു ഡാൻസ് ചെയ്യുമ്പോൾ മനസിലുണ്ടായിരുന്നത്. ലോക്ക് ഡൗണിന് മുമ്പ് ഞങ്ങൾ ഡാൻസ് വീഡിയോ എടുത്ത് വീഡിയോ സ്പ്ളിറ്റ് സ്ക്രീനിൽ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു. അത്യാവശ്യം റീച്ച് കിട്ടിയിരുന്നു. കോളേജിൽ വന്ന് അങ്ങനെ എന്തെങ്കിലും ചെയ്യണമെന്നൊക്കെ മനസിലുണ്ടായിരുന്നു. ആ സമയത്ത് റാസ്പുടിൻ റീൽസിൽ ട്രെൻഡിംഗായിരുന്നു. അതുകൊണ്ട് ഒന്നു ചെയ്തു നോക്കിയാലോ എന്ന് തോന്നി. ക്ളാസും സ്റ്റഡി ലീവുമൊക്കെയായി അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു. വൈകീട്ടാണ് ഡാൻസ് ഷൂട്ട് ചെയ്തത്. ലൈറ്റ് പോകുന്നതിന് മുമ്പ് വേഗത്തിൽ തീർക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ആശുപത്രി ഡ്രസിൽ തന്നെ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. നല്ല ഡ്രസൊക്കെ ഇടാനുള്ള സമയമുണ്ടായിരുന്നെങ്കിൽ അടിപൊളി സ്ഥലത്ത് പോയി ചെയ്തനേ. പക്ഷേ, അതിങ്ങനെ വൈറലാകണമെന്നില്ല. ഡാൻസ് ശ്രദ്ധിക്കപ്പെടുന്നതിന് പ്രധാന കാരണം ഹോസ്പിറ്റൽ ഡ്രസും ആ ഹോസ്റ്റൽ വരാന്തയുമൊക്കെയാണ്. സ്ഥിരം ചെയ്യുന്ന ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായ പരിസരം എന്നതും കാഴ്ചക്കാരുടെ ഇഷ്ടത്തിന് കാരണമായിട്ടുണ്ടാക്കാം. വെറും രണ്ടുമണിക്കൂറിനുള്ളിലാണ് ഷൂട്ട് ചെയ്തത്. ആദ്യത്തെ സീനൊക്കെ അഞ്ചും ആറും തവണ ചെയ്താണ് ശരിയായത്, പിന്നെ വരുന്ന ഭാഗങ്ങളൊക്കെ നേരത്തെ ഞങ്ങൾ പ്രാക്ടീസ് ചെയ്തതിൽ നിന്നും എടുത്തതാണ്. ചെറുതായി പ്രശസ്തരാകാൻ വേണ്ടി ചെയ്ത ഡാൻസ് ഒടുവിൽ ഇത്രയും വൈറലായി. ദേശീയ മാദ്ധ്യമങ്ങളിൽ വന്നു, എൻ.ഡി.ടിവിയിലൊക്കെ ലൈവ് വന്നപ്പോൾ മനസ് നിറഞ്ഞു.
ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞു
വീട്ടിലെല്ലാവരും ഹാപ്പിയാണ്. ഇത്രയും ആളുകൾ എങ്ങനെ കാണുന്നു എന്ന അതിശയമായിരുന്നു ആദ്യം അവർക്കൊക്കെ. പിന്നെ കൂടുതൽ അഭിപ്രായങ്ങൾ വരാൻ തുടങ്ങിയപ്പോൾ വീട്ടിലും സന്തോഷം കൂടി വന്നു. സാധാരണ ഞങ്ങളുടെ വീഡിയോകൾ ഞങ്ങൾ അയച്ചു കൊടുക്കുമ്പോഴാണ് വീട്ടിലുള്ളവർ കാണുന്നത്. എന്നാൽ 'റാസ്പുടിൻ" തരംഗമായപ്പോൾ മറ്റുഗ്രൂപ്പുകളിൽ നിന്നാണ് അവർക്ക് ഈ വീഡിയോ അയച്ചു കൊടുക്കുന്നത്. അതും മറ്റൊരു അഭിമാനം. ബോണി എം, ഞങ്ങൾ രണ്ടുപേർക്കും ഇഷ്ടമായിരുന്നു. പക്ഷേ, ഇത്രയധികം ആളുകൾക്ക് അതേ ഇഷ്ടമുണ്ടെന്ന് അറിയില്ലായിരുന്നു. ഞങ്ങളുടെ വീഡിയോയ്ക്ക് റീച്ച് കിട്ടിയപ്പോഴാണ് എല്ലാ ജനറേഷന്റെയും ഫേവറിറ്റ് ആണ് ബോണി എം എന്ന് മനസിലായത്. എല്ലാ കാലഘട്ടത്തിനും അനുയോജ്യമായി ആസ്വദിക്കാൻ പറ്റിയ മാന്ത്രികതയുണ്ട് ബോണി എം ബാൻഡിന്റേതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. വലിയ മുന്നൊരുക്കങ്ങളും പരിശീലനവും ഒന്നുമില്ലാതെ ഷൂട്ട് ചെയ്തതായിരുന്നു വീഡിയോ. ഞങ്ങളുടെ കോളേജിൽ കിടിലൻ ഡാൻസ് ടീമുണ്ട്, അവരാണ് ഞങ്ങളെ നേരത്തെ പരിശീലിപ്പിച്ചത്. ഫെസ്റ്റുകൾക്കും മത്സരങ്ങൾക്കും വേണ്ടിയാണത്. റാസ്പുടിൻ ഡാൻസ് ശ്രദ്ധിക്കപ്പെട്ടപ്പോൾ പ്രസന്ന മാസ്റ്ററായിരുന്നു ആദ്യം കമന്റിട്ടത്. അധികം വൈകാതെ ബ്രൂട്ട് ഇന്ത്യയിൽ ഫീച്ചർ ചെയ്തു. പിന്നെ കുറേ സെലിബ്രിറ്റികൾ ഷെയർ ചെയ്തു, അഭിപ്രായം പറഞ്ഞു അന്നേരം മുതൽ അങ്ങോട്ട് കയറാൻ തുടങ്ങി, ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞു എന്നു പറഞ്ഞാൽ മതി.
(വയനാട് മാനന്തവാടി സ്വദേശിയാണ് നവീൻ. ബിസിനസുകാരനായ റസാഖിന്റെയും ദിൽഷായുടെയും മകനാണ്. ജാനകി എം. ഓംകുമാർ തിരുവനന്തപുരം സ്വദേശിയാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ. ഓംകുമാറിന്റെയും ഡോ. മായയുടെയും മകളാണ്.)
ആ പുരികമൊന്ന് ഉയർത്തൂ
'''റാസ്പുടിൻ ഡാൻസിനിടയിൽ പുരികം ഉയർത്തുന്നതും ഏറെപേരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഞങ്ങളുടെ ഡാൻസ് ടീമിൽ മിക്കവർക്കും അറിയുന്ന കാര്യമാണിത്. മെഡിക്കൽ കോളേജിലും ഈ പുരികമുയർത്തൽ ഹിറ്റാണ്. അതേ പോലെ ആ വീഡിയോയിൽ നിഴലിൽ കൈകളുടെ ചലനം മാത്രമായി വരുന്നു സീനുണ്ട്, ആ രംഗം മനോഹരമായി എന്ന് അഭിനന്ദിച്ചുക്കൊണ്ടുള്ള ഒരുപാട് കമന്റുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. സത്യത്തിൽ അത്രയും ഭംഗി തോന്നുന്നത് ഷൂട്ട് ചെയ്തതിന്റെ മികവ് കൊണ്ടാണ്. എന്റെ സഹപാഠി മുഷ്താഖ് അലിയുടെ ഐ ഫോണിലാണ് വൈറലായ വീഡിയോ എടുത്തത്. അപാരകാമറാ പേഴ്സണാണ് അവൻ. അന്നു തന്നെ ഷൂട്ട് ചെയ്യണോ, രണ്ടു ദിവസം കഴിഞ്ഞ് മതിയല്ലോ എന്നായിരുന്നു തലേന്ന് വീഡിയോയുടെ കാര്യം പറഞ്ഞപ്പോൾ ജാനകി പറഞ്ഞത്. എന്തായാലും പിറ്റേന്ന് വൈകീട്ട് ഷൂട്ട് ചെയ്യുകയും രാത്രി തന്നെ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഡാൻസ് ചെയ്ത അന്നു രാത്രി തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. അപ്പോഴാണ് സംഗതി വൈറലായതും നാട്ടിൽ മുഴുവൻ റാസ്പുടിൻ ശ്രദ്ധിക്കപ്പെട്ടതും. ഡാൻസിനിടയിലുള്ള ആറ്റിറ്റ്യൂഡ് ലുക്കുകളൊക്കെ വലിയ തരംഗമായി. സത്യം പറഞ്ഞാൽ സ്റ്റെപ്പില്ലാത്തിടത്താണ് ഞങ്ങൾ ആറ്റിറ്റ്യൂഡ് ഇടുന്നത്."" നവീൻ ചിരിയോടെ പറഞ്ഞു നിറുത്തി.