pooram

തൃശൂർ: തൃശൂർ പൂരത്തിനായുള്ള ഒരുക്കങ്ങൾ തകൃതി. പൂരങ്ങളുടെ പൂരത്തിന് 17 നാണ് കൊടിയേറ്റം. ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ചു ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ കോടിയേറ്റത്തിനുള്ള ഒരുക്കങ്ങളുമായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും ഘടക ക്ഷേത്രങ്ങളും മുന്നോട്ടുപോകുകയാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സജ്ജീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് കൗൺസിൽ ഹാളിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

രാവിലെ 11.30 നും 12 നും മദ്ധ്യേയാണ് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12.05ന് ശേഷമായിരിക്കും കൊടിയേറ്റുക. ഘടക ക്ഷേത്രങ്ങളിലും അന്ന് കൊടിയേറ്റം നടക്കും.അയ്യന്തോൾ, നെയ്തലകാവ്, ലാലൂർ, കണിമംഗലം, ചെമ്പുക്കാവ്, പനേക്കുംമ്പിള്ളി, കാരമുക്ക് - പൂകാട്ടിരി, ചുരക്കൊട്ട്കാവ് എന്നിവയാണ് പൂരം പൂർണമാക്കുന്ന ഘടക ക്ഷേത്രങ്ങൾ. തുടർന്ന് ദേവിദേവന്മാർ തട്ടകങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. 23 നാണ് പൂരം. ഇന്ന് നടക്കുന്ന യോഗത്തിലേക്ക് കളക്ടർ, ഡി.എം.ഒ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു. നഗരത്തിലെത്തുന്നവർക്ക് വിപുലമായ സജ്ജീകരണങ്ങളാണ് കോർപ്പറേഷൻ ഒരുക്കാറുള്ളത്. ശുചീകരണ പ്രവർത്തനം, വൈദ്യുതി വിളക്കുകളുടെ അറ്റകുറ്റ പണി എന്നിവ ആരംഭിച്ചിട്ടുണ്ട്.

സുരക്ഷക്ക് ആറ് സെക്ടറുകൾ

കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷിതമായി തൃശൂർ പൂരം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കലക്ടർ എസ്.ഷാനവാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എ.ഡി.എം റെജി പി.ജോസഫ്, സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ, ആർ.ഡി.ഒ എൻ.കെ കൃപ, ഡി.എം.ഒ ഡോ.കെ.ജെ റീന, വിവിധ ഡിപ്പാർമെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പൂരം കൊവിഡ് വ്യാപനവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാതെ നടത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ കലക്ടർ നൽകി. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും പൂരം നടത്തുക. ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കും. പൂരം കാണാൻ വരുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നൽകും. ഡെപ്യൂട്ടി കലക്ടർമാരെയായിരിക്കും ഇത്തരത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല.