തൃശൂർ : വിഷു വിപണിയെ തകർത്ത് വേനൽ മഴയും കൊവിഡ് നിയന്ത്രണവും. കഴിഞ്ഞ തവണ ലോക്ക് ഡൗൺ മൂലം വിഷു കച്ചവടം നഷ്ടമായപ്പോൾ ഇത്തവണ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നതാണ്. എന്നാൽ, ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴ എല്ലാം തകർത്തു. ഏറെ തളർത്തിയത് പടക്ക വിപണിയെയും വസ്ത്ര വ്യാപാര മേഖലയെയും ആണ്. ഇന്ന് മുതൽ രാത്രി 9 മണിക്ക് കടകൾ അടക്കണം എന്ന നിർദ്ദേശം കർശനമാക്കിയിട്ടുണ്ട്. സാധാരണ രാത്രി 12 മണി വരെ എങ്കിലും വിഷു കച്ചവടം നടക്കാറുണ്ട്. നാളെ പുലർച്ചെ കണി ഒരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാൻ നേരത്തെ തന്നെ ആളുകൾക്ക് ഇറങ്ങേണ്ടി വരും. പച്ചക്കറി വിപണിയിൽ ഇത്തവണ വലിയ വില കയറ്റം ഇല്ല എന്നതാണ് ആകെയുള്ള ആശ്വാസം!. വിഷുവിന്റെ പ്രധാന ആകർഷണമായ കണി വെള്ളരി ഇത്തവണ സുലഭം ആണ്. 30 രൂപയാണ് വില.
നെൽ കർഷകർ ആശങ്കയിൽ
വേനൽ മഴ ശക്തമായാൽ നെൽ കർഷകർ ദുരിതത്തിലാകും. ജില്ലയിലെ കോൾ നിലങ്ങളിൽ കൊയ്ത്ത് ആരംഭിച്ചു. മെയ് പകുതി വരെ നീണ്ടു നിൽക്കുന്നതാണ് കൊയ്ത്ത്. 5000 ഹെക്ടറിൽ അധികം കോൾ നിലങ്ങളിൽ ആണ് കൊയ്ത്തു നടക്കുന്നത്. ഇനിയും മഴ പെയ്താൽ നെൽ ചെടികൾ വീഴും. ഇതോടെ നെൽ മണികൾ ഉതിർന്നു വിഴുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് കർഷകർ പറയുന്നു. വൈക്കോലും ലഭിക്കാത്ത സ്ഥിതി ഉണ്ടാകും. കൊയ്തെടുക്കുന്ന നെൽ ഉടൻ തന്നെ സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.