തൃശൂർ: 'നമ്മളെങ്ങനെ ആരോഗ്യം കാക്കുന്നോ അതുപോലെ ചെടികളെയും നോക്കണം. പ്രതീക്ഷിക്കുന്നതിനപ്പുറം കായ്ഫലം കിട്ടും"- ഒന്നര ഏക്കറിൽനിന്ന് വർഷം 40 ടൺ ജൈവ പച്ചക്കറി ഉത്പാദിപ്പിച്ച് നന്നായി സമ്പാദിക്കുന്ന ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് കർഷകനുള്ള പുരസ്‌കാരം കഴിഞ്ഞ കൊല്ലം കൈപ്പറമ്പ് പുത്തൂരിലെ ഈ കർഷകനെ തേടിയെത്തിയത് മണ്ണറിഞ്ഞുള്ള 'മിതവ്യയം ' കൊണ്ടാണ്.
ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിൽ ഏറക്കുറെ എല്ലാ ദിവസവും വിളവെടുപ്പാണ്. ഒന്നര ഏക്കർ മൂന്ന് ഭാഗമാക്കിയാണ് കൃഷി. 50 സെന്റിൽ ചെടികൾ പൂവിടുമ്പോഴേക്കും അടുത്ത കണ്ടത്തിൽ വളർച്ചയുടെ ആദ്യ ഘട്ടം കടക്കും. ആദ്യ കണ്ടത്തിൽ വിളവെടുപ്പ് തുടങ്ങുമ്പോൾ മൂന്നാം കണ്ടത്തിൽ മുളപൊട്ടും.
കമ്പ്യൂട്ടർ ടെക്‌നീഷ്യനായിരുന്ന 54കാരനായ ഉണ്ണിക്കൃഷ്ണൻ 10 വർഷം മുമ്പാണ് കൃഷി തുടങ്ങിയത്. ആദ്യം നെൽക്കൃഷിയായിരുന്നു. പെരുമാട്ടിയിലെ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് സന്ദർശിച്ചപ്പോഴാണ് ആധുനിക കൃഷിയുടെ ഗുണമറി ഞ്ഞത്. കൃഷി ഓഫീസർമാരായ ടി.പി. ബൈജു, റാഫേൽ, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞന്മാരായ ഡോ. നാരായണൻകുട്ടി, ഡോ. ബെറിൽ, ഡോ. ജയരാജ് എന്നിവർ പുതിയ രീതികൾ പഠിപ്പിച്ചു.
മണ്ണുപരിശോധന നടത്തി വളപ്രയോഗവും ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളും നൽകി. 83 വർഷം കർഷകനായി ജീവിച്ച് പേരും പെരുമയും നേടിയ അച്ഛൻ വടക്കുഞ്ചേരി പ്രഭാകരൻ നായർ നൽകിയ കൃഷിപാഠങ്ങളും സംയോജിപ്പിച്ചു. പയർ, തണ്ണിമത്തൻ, വെണ്ട, വെള്ളരി, മത്തൻ, വഴുതന, കുമ്പളം തുടങ്ങി ഷമാം വരെ വിളഞ്ഞു.
തൃശൂരിന്റെ സമീപ ജില്ലകളിലെ മാളുകളിൽവരെ ഇന്ന് വിഷരഹിത പച്ചക്കറികൾ എത്തിക്കുന്നു. ലോക്ഡൗണിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിറ്റഴിച്ചു. അമ്മ: സുമതിയമ്മ, ഭാര്യ: ലത,മകൻ: ആദിത്യകൃഷ്ണ.
മണ്ണൊരുക്കലും നടീലും
ആട്ടിൻ കാഷ്ഠം, കോഴിക്കാഷ്ഠം, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവളവും മണ്ണിരക്കമ്പോസ്റ്റും ചേർത്ത് മണ്ണൊരുക്കും. നിശ്ചിത അകലത്തിൽ തുളകളിട്ട പോളിത്തീൻ ഷീറ്റ് വിരിച്ച് ഓരോ സുഷിരത്തിലും വിത്തിടും. പൈപ്പിലൂടെ തുള്ളി നനയാണ്. എല്ലാം ആവശ്യത്തിന് മാത്രം.
.
ഉണ്ണിക്കൃഷ്ണന്റെ ടിപ്‌സ്