തൃശൂർ: കൊവിഡ് ഭീതി ഒഴിയുമെന്ന പ്രതീക്ഷയ്ക്കിടെ, വേനൽ മഴയും കൊവിഡ് നിയന്ത്രണങ്ങളും കരിനിഴലായെത്തിയെങ്കിലും വിഷുവാഘോഷത്തിലേക്ക് കണ്ണുതുറക്കുകയാണ് നാട്.
വിഷുക്കണിയൊരുക്കാനുള്ള കൊന്നപ്പൂ കിട്ടാനായിരുന്നു ഇന്നലെ നെട്ടോട്ടം. മഴയിൽ കൊന്നപ്പൂക്കൾ കൊഴിയുകയും അറുത്തുവെച്ചവയെല്ലാം ചീഞ്ഞ് നാശമാകുകയും ചെയ്തു. പടക്ക വിപണിയെയും, തിങ്കളാഴ്ച പെയ്ത മഴ സാരമായി ബാധിച്ചു. പച്ചക്കറി, പലചരക്ക് വിപണന കേന്ദ്രങ്ങളെ മഴ ബാധിച്ചതിന് പിന്നാലെ കൊവിഡ് നിയന്ത്രണവും തിരിച്ചടിയായി.
രാത്രി 9 മണിവരെ ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. എന്നാൽ കൊവിഡ് വ്യാപനം കണക്കിലെടുത്ത്, നിയന്ത്രണം അനിവാര്യമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം ജനങ്ങൾക്കും. തിങ്കളാഴ്ചയും ഇന്നലെയും ചിലയിടങ്ങളിൽ മഴയുണ്ടായി. ഇന്ന് വിഷുദിനത്തിലും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകുന്ന സൂചന. ഈ ആഴ്ചയിൽ സാമാന്യം നല്ല രീതിയിൽ വേനൽ മഴ ലഭിക്കാനാണ് സാദ്ധ്യതയെന്നും പറയുന്നു.
വേനൽ മഴയും കൊവിഡ് നിയന്ത്രണങ്ങളും വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കി. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കുകയും കൂടുതൽ പേരെ വാക്‌സിനേഷൻ ചെയ്യിക്കുകയുമാണ് വേണ്ടത്. റംസാൻ വ്രതം ആരംഭിച്ച ഘട്ടത്തിൽ മിക്കയിടത്തും രാത്രികാലങ്ങളിലാണ് ഹോട്ടലുകൾ തുറക്കാറുള്ളത്. രാത്രി 9 മണിവരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നോമ്പെടുക്കുന്ന ഇസ്ലാം മത വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കും. നടുവൊടിഞ്ഞിരിക്കുന്ന വ്യാപാര മേഖലയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കാനേ സമയ നിയന്ത്രണം ഉപകരിക്കൂ.
കെ.വി അബ്ദുൾ ഹമീദ്
ജില്ലാ പ്രസിഡന്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
വേനൽ മഴയും കൊവിഡ് നിയന്ത്രണവും മൂലം പടക്ക വിപണി കരകയറാനാകാത്ത സ്ഥിതിയിലാണ്. ഒമ്പത് മണി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കാര്യമായി ബാധിച്ചു. ലോക്ക് ഡൗൺ സാദ്ധ്യതയുണ്ടെന്ന ഭീതിയിൽ ആളുകൾ പണം ചെലവഴിക്കാതിരിക്കുകയും പടക്ക സാമഗ്രികൾ വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു. മഴ ശക്തിപ്രാപിക്കുമോ എന്ന ഭീതിയും ബാധിച്ചു. 50 ശതമാനം വിൽപ്പന മാത്രമേ നടക്കുന്നുള്ളൂ.
വി. ഉണ്ണിക്കൃഷ്ണൻ
ജില്ലാ പ്രസിഡന്റ്
ഫയർ വർക്‌സ് ഡീലേഴ്‌സ് അസോ.
ഹോട്ടലുകൾക്കേർപ്പെടുത്തിയ സമയ നിയന്ത്രണം പിൻവലിക്കണം. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വമാണ് കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ. റംസാൻ നോമ്പ് ആരംഭിച്ചതോടെ പകൽ കച്ചവടം വളരെ കുറയും. രാത്രി കച്ചവടത്തിലൂടെയാണ് ഹോട്ടലുകൾ മിക്കതും പിടിച്ചുനിൽക്കുന്നത്. രാത്രി 11 മണി വരെയെങ്കിലും ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി നൽകണം. പൊതുഗതാഗത മേഖലയിൽ യാതൊരു സാമൂഹിക അകലവുമില്ലാതെയിരിക്കുമ്പോൾ പകുതി ആളുകളെ മാത്രമേ ഹോട്ടലുകളിൽ പ്രവേശിപ്പിക്കാവൂ എന്ന് പറയുന്നത് വിചിത്രമാണ്. കല്യാണ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് പാഴ്‌സൽ ഭക്ഷണം നൽകണമെന്നുള്ള നിർദ്ദേശവും അപ്രായോഗികമാണ്.
ജി. ജയപാൽ
ജനറൽ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോ.