തൃശൂർ: 45 വയസ് കഴിഞ്ഞവർ കൊവിഡ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് കരുതണമെന്നും മറ്റുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുമുളള നിബന്ധന ദേവസ്വങ്ങളും അംഗീകരിച്ചതോടെ തൃശൂർ പൂരം സുഗമമായി നടക്കാനുള്ള വഴി തെളിഞ്ഞു. കുട്ടികൾക്ക് പ്രവേശനമില്ലെന്ന നിബന്ധനയും ദേവസ്വം അംഗീകരിച്ചു.
പൂരത്തിന് 72 മണിക്കൂർ മുമ്പ് കൊവിഡ് പരിശോധന നടത്തണം. ദേവസ്വങ്ങൾ ദേശക്കാർക്ക് പാസ് നൽകുമ്പോൾ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്. സ്വരാജ് റൗണ്ടിലേയ്ക്കുള്ള എല്ലാ വഴികളിലും പൂരദിവസം പൊലീസ് പരിശോധിക്കും. ഇതോടെ, സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടക്കുമെന്ന് ഉറപ്പായി. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടത്. കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേഗം കിട്ടാൻ പൂരം മുൻനിറുത്തി പ്രത്യേകം ലാബ് സൗകര്യം ഏർപ്പെടുത്തുന്നുമുണ്ട്. ഇതോടെ പൂരം നടത്തിപ്പ് സംബന്ധിച്ച് ആഴ്ചകൾ നീണ്ട പിരിമുറുക്കങ്ങൾക്കും അനിശ്ചിതാവസ്ഥകൾക്കും തിരശീല വീണു.
കൊവിഡ് മാനദണ്ഡം പാലിച്ച് പൂരം നടത്തും: മേയർ
കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാവരുടെയും സഹകരണം ഉറപ്പാക്കി പൂരം നടത്തുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു. പൂരം നടത്തിപ്പിനായി ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെയും വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും സംയുക്ത യോഗം ചേർന്നു. പൊതുമരാമത്ത്, വൈദ്യുതി, കുടിവെള്ള വിതരണം എന്നിവ നടപ്പിലാക്കുമെന്ന് മേയർ ഉറപ്പു നൽകി. വൈദ്യുതി അധികമായി വേണ്ട സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതിനും ശുദ്ധീകരണ പ്രവർത്തനം സജീവമാക്കുന്നതിനും യോഗം തീരുമാനിച്ചു.
കൂടുതൽ ഡോസ് വാക്‌സിൻ വേണം: ടി.എൻ പ്രതാപൻ
കൊവിഡിൻ്റെ രണ്ടാം ഘട്ടം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് ടി.എൻ പ്രതാപൻ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനും അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇത്തവണത്തെ പൂരത്തിനും വലിയ ആൾകൂട്ടം പ്രതീക്ഷിക്കുന്നുണ്ട്. ജാതി-മത ഭേദമന്യേ ജനങ്ങൾ എത്തിച്ചേരുന്ന പൂരം ആഘോഷങ്ങൾ പരിഗണിച്ച് ജില്ലയിൽ കൂടുതൽ വാക്‌സിൻ ഡോസുകൾ വകയിരുത്തണമെന്നും പ്രതാപൻ പറഞ്ഞു.
തിരക്കിലമർന്ന് ദേവസ്വങ്ങൾ
തുടർച്ചയായ യോഗങ്ങൾക്കും ഒരുക്കങ്ങൾക്കും ഇടയിൽ പാറമേക്കാവും തിരുവമ്പാടിയും ആലവട്ടവും വെഞ്ചാമരവും കുടകളും നിർമ്മിക്കുന്നതിൻ്റെ തിരക്കിലാണ്. വെടിക്കെട്ടിന്റെ ഒരുക്കങ്ങളും തുടങ്ങി. പുരുഷോത്തമൻ അരണാട്ടുകരയാണ് തിരുവമ്പാടിയിലെ കുടകൾ ഒരുക്കുന്നത്. 42 വർഷമായി പൂരക്കുട നിർമിക്കുന്നുണ്ട് അദ്ദേഹം. 20 സെറ്റ് കുടയാണ് ഇപ്പോൾ നിർമ്മിക്കുന്നത്. കഴിഞ്ഞവർഷത്തെ പൂരത്തിന് കുട നിർമിക്കാനായി ദേവസ്വം ഇറക്കുമതി ചെയ്തവയും ഉപയോഗിക്കുന്നുണ്ട്. നെറ്റിപ്പട്ടം തുന്നിയെടുക്കുന്ന ജോലികളും തുടരുന്നു.
പാറമേക്കാവിൽ പന്തൽ നിർമാണവും വെടിക്കെട്ട് ഒരുക്കവും തുടങ്ങി. ആലവട്ടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. മൂന്നു തലമുറയായി, 100 വർഷത്തിലേറെയായി ആലവട്ടവും വെഞ്ചാമരവും നിർമ്മിക്കുന്ന ചാത്തനാത്ത് കുടുംബത്തിലെ മുരളീധരനാണ് നേതൃത്വം നൽകുന്നത്. ആലവട്ടവും വെഞ്ചാമരവും 15 ജോഡിയാണ് നിർമ്മിക്കുന്നത്. നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിലെ പന്തൽ കാൽനാട്ടൽ 15നാണ്.