lalitha

തൃശൂർ: ദിശാബോധമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം ഭരണനിർവഹണം ചില കോണുകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നുവെന്ന ആരോപണമുയർത്തി കേരള ലളിതകലാ അക്കാഡമി ഭരണസമിതിയിൽ നിന്ന് ഒരു നിർവാഹക സമിതി അംഗം കൂടി രാജിവച്ചു.

ചിത്രകാരൻ ടോം വട്ടക്കുഴിയാണ് രാജിവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. ഈ സർക്കാരിന്റെ കാലത്ത് പുനഃസംഘടിപ്പിച്ച ഭരണസമിതികളിൽ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെയാളാണ് ടോം വട്ടക്കുഴി. 2017ൽ ചെയർമാനായിരുന്ന ടി.എ.സത്യപാൽ, കവിതാ ബാലകൃഷ്ണൻ എന്നിവർ രാജിവച്ചിരുന്നു. നേമം പുഷ്പരാജ് ചെയർമാനായ ശേഷം പുനഃസംഘടിപ്പിച്ച നിർവാഹക സമിതിയിലാണ് ടോം വട്ടക്കുഴിയെ ഉൾപ്പെടുത്തിയത്.

അക്കാഡമിയുടെ പ്രവർത്തനം പലപ്പോഴും നിർവാഹക സമിതി അറിയുന്നില്ലെന്ന് ടോം വട്ടക്കുഴി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. കാലങ്ങളായുളള കുറെ കാര്യങ്ങൾ ആത്മാവ് നഷ്ടപെട്ട ഒരനുഷ്ഠാനം പോലെ തുടരുക എന്നതിനപ്പുറം ലളിതകലാ അക്കാഡമി എന്ന സ്ഥാപനത്തിന്, ഭരണഘടനയിൽ പറയുന്ന ലക്ഷ്യങ്ങളെ ഉന്നംവച്ച് അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനോ വികസിപ്പിക്കാനോ കഴിയുന്നില്ല. ജനങ്ങളുടെ നികുതിപ്പണം തട്ടിക്കൂട്ട് പരിപാടികളിലൂടെ പാഴാക്കുന്ന സ്ഥാപനമായി ചുരുങ്ങി. കലയുമായി ആത്മബന്ധമില്ലാത്തവർ അക്കാഡമിയുടെ താക്കോൽ സ്ഥാനങ്ങളിൽ കയറിയിരിക്കാൻ തുടങ്ങിയ കാലം തൊട്ടേ അക്കാഡമി ദിശമാറി ഒഴുകാൻ തുടങ്ങിയെന്നും പറയുന്നു.

ടോം വട്ടക്കുഴിയുടെ രാജിക്കത്ത് ഇ മെയിൽ വഴി ലഭ്യമായിരുന്നു. രാജി സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നും നിലനിൽക്കുന്നില്ല.

- പി.വി. ബാലൻ,

ലളിത കലാ അക്കാഡമി സെക്രട്ടറി.