വടക്കാഞ്ചേരി: ചെറുതുരുത്തി കലാമണ്ഡലം സർവകലാശാലയിൽ കലകൾ അഭ്യസിക്കാനായെത്തിയ വിദേശ കലാകാരന്മാർ കണ്ണനു മുന്നിൽ കണിയൊരുക്കും. പോർച്ചുഗലിൽ നിന്നുമെത്തിയ ഡെനിസ് ഈച്ചൻസ്, മകൾ ഐറിന എന്നിവരാണ് ചെറുതുരുത്തിയി ലെ നെടുമ്പുരയിലെ വീട്ടിൽ കണി കാണുന്ന ത്.
വിഷുവിന്റെ ആചാരങ്ങളും, കാർഷിക സമൃദ്ധിയുടെ ഒത്തുചേരലുമെല്ലാം കേരളത്തിൽ നിന്നുള്ളവരിൽ നിന്നും കേട്ടറിഞ്ഞാണ് കണിയൊരുക്കാൻ തീരുമാനിച്ചത്. വിഷു എത്തുമ്പോൾ പൂക്കുന്ന കണിക്കൊന്നയും, കന്നു പൂട്ടലും, വിഷു പക്ഷി ചിലക്കുന്നതുമെല്ലാം ഇവർ വളരെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
വീട്ടിലെ പൂജാമുറിയിൽ കേരളീയ വേഷത്തിലാണ് ഇവർ കണികാണുക. തൊടിയിൽ കണിക്കൊന്ന പൂ പറിക്കാനും അച്ഛനും മകളും നാട്ടുകാർക്കൊപ്പം ഒത്തുചേർന്നു.