വടക്കാഞ്ചേരി: ജ്യൂസ് കടയിൽ നൃത്തം ചെയ്ത് ജനശ്രദ്ധ നേടി മെഡിക്കൽ വിദ്യാർത്ഥികൾ. അത്താണി പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ജ്യൂസ് മാർട്ട് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീനിന്റെയും ജാനകിയുടെയും മിന്നുന്ന പ്രകടനം.
കരഘോഷം മുഴക്കി കാണികളും പിന്തുണ നൽകി. ഡാൻസിനു ശേഷം ഇരുവർക്കുമൊപ്പം സെൽഫി എടുക്കാനും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ മുന്നോട്ട് വന്നതും ആവേശക്കാഴ്ചയായി. പഠനത്തിനിടെയുള്ള ഒഴിവുവേളയിൽ ഇവർ ചെയ്ത നൃത്തം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഉദ്ഘാടനം ചെയ്യാൻ തങ്ങളെ ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിച്ചുമായിരുന്നു വിദ്യർത്ഥികളുടെ മടക്കം. ഉദ്ഘാടനച്ചടങ്ങിൽ പി.എസ്.സി ബാങ്ക് പ്രസിഡന്റ് എം.ആർ. ഷാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ആർ. ഉദയൻ, സെക്രട്ടറി ടി.ആർ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.