തൃശൂർ: കൊവിഡ് വ്യാപനം ചെറുക്കുന്നതിന് ഹോട്ടലുകൾ രാത്രി 9ന് അടയ്ക്കണമെന്ന നിർദ്ദേശം അപ്രായോഗികമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. തിരഞ്ഞെടുപ്പ് കാലത്ത് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ. കൊവിഡിനെ തുടർന്ന് കനത്ത വ്യാപാര മാന്ദ്യത്തിലൂടെ ഒരു വിധം കടന്ന് പോകുന്ന ഹോട്ടൽ വ്യാപാര മേഖലക്ക് കനത്ത ആഘാതമാണ് ഇത്തരം അശാസ്ത്രീയമായ നിയന്ത്രണങ്ങൾ. റംസാൻ നൊയമ്പുകാലത്ത് പ്രധാനമായും കച്ചവടം നടക്കുന്നത് രാത്രിയിലാണ് എന്നതിനാൽ 11 മണി വരെയെങ്കിലും ഹോട്ടലുകൾ തുറക്കുന്നതിനുള്ള അനുവാദം നൽകണം. പൊതുഗതാഗത സൗകര്യങ്ങളിൽ ഒരുമിച്ചിരുന്ന് യാത്ര ചെയ്യാമെന്നും, ഹോട്ടലുകളിൽ പകുതി സീറ്റുകൾ മാത്രമെ സജ്ജീകരിക്കാൻ പാടുള്ളൂ എന്നുമുള്ള നിർദ്ദേശം വിചിത്രമാണ്. വ്യാപാര മേഖലയെ തളർത്തുന്ന ഇത്തരം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായും ജില്ലാ സെക്രട്ടറി സി. ബിജുലാൽ പറഞ്ഞു.