തൃശൂർ: തൃശൂർ പൂരത്തിന് ജനങ്ങൾക്ക് തേക്കിൻകാട് മൈതാനം, സ്വരാജ് റൗണ്ട് എന്നിവ അടക്കമുള്ള സ്ഥലങ്ങളിൽ പ്രവേശനത്തിന് കർശന നിബന്ധന ഏർപ്പെടുത്തി. 45 വയസിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിൻ എടുത്തിരിക്കണം.

10 മുതൽ 45 വയസ് വരെയുള്ളവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡ് ഇല്ല എന്ന് തെളിയിക്കണം. വാക്‌സിൻ എടുത്തവരും ടെസ്റ്റ് നടത്തിയവരും പൊലീസ് തുടങ്ങുന്ന പ്രത്യേക വെബ്സൈറ്റിലേക്ക് രേഖകൾ അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പൂരം കാണാനുള്ള പാസ് ലഭിക്കും.
ദേവസ്വങ്ങൾ പാസ് നൽകുമ്പോഴും ഇതേ മാനദണ്ഡം പാലിക്കണം. 10 വയസിൽ താഴെയുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനമുണ്ടാവില്ല. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

23ന് കുടമാറ്റം നടക്കുമ്പോൾ തെക്കേനടയിൽ ആളുകളെ കമ്പാർട്ട്‌മെന്റ് ആക്കി നിറുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ട്. ഇതിന്റെ രൂപരേഖയ്ക്ക് സിറ്റി പൊലീസും ദേവസ്വങ്ങളുമായുള്ള യോഗത്തിന് ശേഷം രൂപം നൽകും. സാമ്പിൾ വെടിക്കെട്ട്, വെടിക്കെട്ട്, ചമയ പ്രദർശനം എന്നിവ പതിവു പോലെ നടക്കും. പൂരം പ്രദർശനത്തിൽ സ്റ്റാളുകളുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. 21 വരെ സാധാരണ കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രവേശനം.

പല എൻട്രി പോയിന്റുകളിലായി പൊലീസ്, കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് പരിശോധിക്കും. എന്നാൽ 22, 23, 24 തീയതികളിൽ പുതിയ വ്യവസ്ഥകൾ നിർബന്ധമായിരിക്കും. 23 നാണ് തൃശൂർ പൂരം. 22ന് വിളംബരവും 24ന് പകൽപ്പൂരവും നടക്കും

പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, അഡിഷണൽ ഡി.ജി.പി വിജയ് സാഖറേ, ദുരന്ത നിവാരണ അതോറിട്ടി കമ്മിഷണർ ഡോ.എ. കൗശിഗൻ, തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, കളക്ടർ എസ്. ഷാനവാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, സെക്രട്ടറി ജ്യോതി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരൻ, സെക്രട്ടറി എം. രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

വളരെ പോസിറ്റീവ് ആയാണ് യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചത്. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. പൂരം ഭംഗിയായി നടക്കും. കൊവിഡിനെ പ്രതിരോധിക്കാൻ ഉദ്യോഗസ്ഥർ പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കും. പൂരത്തിനെത്തുന്ന 45 കഴിഞ്ഞവർ വാക്സിൻ എടുത്തിരിക്കണം. മറ്റുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

തിരുവമ്പാടി

പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ