ചേർപ്പ്: വിഷുസംക്രമ ദിനമായ ഇന്നലെ ചേർപ്പ് പൂച്ചിന്നിപ്പാടം ജെ.പി ജംഗ്ഷനിൽ വിവിധയിനം നാടൻ കാർഷിക വിഭവങ്ങൾ സൗജന്യമായി വിതരണം ചെയ്തു. പൊതുപ്രവർത്തകനായിരുന്ന ജയപ്രകാശ് പൂച്ചിന്നിപ്പാടത്തിന്റെ സ്മരണക്കായി ജെ.പി സേവ സമിതിയാണ് ചക്ക, മാങ്ങ, മാമ്പഴം, കായ, കണിക്കൊന്ന എന്നിവ വിതരണം ചെയ്തത്.
ഇവിടെയുള്ള കാർഷിക ഇനങ്ങൾ ആർക്കും സൗജന്യമായി എടുക്കാം എന്ന പോസ്റ്ററിന് മുന്നിലാണ് കാർഷിക വിഭവങ്ങൾ വിതരണം നടത്തിയത്. പ്രദേശത്തെ വിവിധ വീടുകളിൽ നിന്ന് ശേഖരിച്ച വസ്തുക്കളാണ് വിപണനം ചെയ്തത്. കഴിഞ്ഞ വർഷം വിഷു നാൾ മുതലാണ് ഈ സംരംഭം ആരംഭിച്ചത്. വിതരണോദ്ഘാടനം സമിതി പ്രവർത്തകൻ സി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മധു, മോഹൻജി, ജീവൻ, നിർമ്മാല്യ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച വിപണനം ഉച്ചവരെ നീണ്ടു.