തൃശൂർ: വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞു വീണ് തൊഴിലാളികളുടെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ വൈദ്യുതിപോസ്റ്റ് നിർമ്മാണത്തിൽ വീഴ്ചയുണ്ടാകുന്നില്ലെന്ന് ബോർഡ് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വൈദ്യുതി തൂൺ നിർമ്മാണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ജാഗ്രതകുറവുണ്ടാകരുതെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി വൈദ്യുതിബോർഡ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഗുണനിലവാരമില്ലാത്ത തൂണുകൾ ഒടിഞ്ഞുവീണ് അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ കോൺക്രീറ്റിന് പകരം ഇരുമ്പോ തേക്കിൻ കഴകളോ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി ഇ.എ. ചന്ദ്രശേഖരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വൈദ്യുതിബോർഡിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പ്രീസ് ട്രസ്ഡ് കോൺക്രീറ്റ് പോസ്റ്റുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും നിർമ്മാണത്തിലെ അപാകതകൾ കാരണം അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും കെ.എസ്.ഇ.ബി സെക്രട്ടറി കമ്മിഷനെ അറിയിച്ചു. നിർമ്മാണത്തിലെ സുരക്ഷാവീഴ്ച ഗൗരവമായി എടുത്തിട്ടുണ്ടെന്നും അപകടം ഒഴിവാക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി തൂൺ നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സിവിൽ എൻജിനിയർമാരെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആറ്റുമണലിന്റെ ലഭ്യതക്കുറവും ക്യൂയറിംഗിലുള്ള അപാകതകളും കാരണമാണ് വൈദ്യുതി തൂണുകൾ ഒടിഞ്ഞ് വീഴുന്നതെന്ന് ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു.